കുടുംബ വഴക്ക്: ഭാര്യയെയും മകളെയും അകത്താക്കി ഗൃഹനാഥന്‍ വീടിനു തീയിട്ടു
പുനലൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് വീടിനു തീയിട്ടു. ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും സ്‌കൂട്ടറും കത്തിനശിച്ചു. സംഭവത്തില്‍ അഞ്ചു ലക്ഷത്തോളം രൂപയുടെ…
പുനലൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് വീടിനു തീയിട്ടു. ഭാര്യയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും സ്‌കൂട്ടറും കത്തിനശിച്ചു. സംഭവത്തില്‍ അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കക്കോട് പണിക്കര്‍ ജങ്ഷനില്‍ ജെ.എസ്. കൊച്ചുവീടിനാണ് തീയിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ലാലുവെന്ന് വിളിക്കുന്ന ധനുരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമിച്ചതിനും വീടിനും വാഹനങ്ങള്‍ക്കും തീയിട്ടതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭാര്യ ശില്‍പ, അഞ്ചുവയസുള്ള മകള്‍ ആവണി എന്നിവര്‍ അത്ഭുതകരമായി രക്ഷപെട്ടു. വീടിനു തീയിട്ട യുവതിയുടെ ഭര്‍ത്താവ് ലാലുവിനെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ലാലുവും ശില്‍പയും തമ്മില്‍ ഏറെനാളായി വെവ്വേറെയാണ് താമസിച്ചിരുന്നത്. മാത്രമല്ല കോടതിയില്‍ കേസും നടന്നു വരുന്നു. ഇതിനിടെ തിങ്കളാഴ്ച മദ്യപിച്ചു ശില്‍പയുടെ വീട്ടിലെത്തിയ ലാലു വീടിനു തീവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി ശില്‍പ പുനലൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ലാലു വീടിനും വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ, സ്‌കൂട്ടര്‍ എന്നിവയ്ക്കും തീയിട്ടത്. വാഹനങ്ങളും വീടും പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ വീട്ടില്‍ ടിവി കണ്ടിരുന്ന യുവാവാണ് തീ ആദ്യം കണ്ടത്. ഇയാളുടെ കൃത്യമായ ഇടപെടലാണ് ശില്‍പ്പയുടെയും മകള്‍ ആവണിയുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. സംഭവത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ലാലുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പുനലൂര്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്.