പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി; സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം തെരുവില്‍

മലപ്പുറം: പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം തെരുവില്‍. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.…

By :  Editor
Update: 2021-03-08 10:18 GMT

മലപ്പുറം: പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം തെരുവില്‍. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു ആളുകളാണ് തെരുവില്‍ പ്രതിഷേധിച്ചത്. ചന്തപ്പടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ ചമ്രവട്ടത്തേക്ക് എത്തിയപ്പോഴേക്കും പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചു. 'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. പാര്‍ട്ടി കൊടികളും ബാനറുകളും പ്രതിഷേധക്കാരുടെ കെെയിലുണ്ടായിരുന്നു.

രണ്ട് ടേം നിബന്ധന ഉള്ളതിനാലാണ് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന് ഇത്തവണ പൊന്നാനിയില്‍ മത്സരിക്കാന്‍ സാധിക്കാത്തത്. പകരം പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. പൊന്നാനി മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദീഖ് ആയിരിക്കും സ്ഥാനാര്‍ഥിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന സമിതിയിലാണ് പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.കേരളത്തില്‍ മറ്റ് പല ഇടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധം നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്.

Similar News