ചെങ്ങനൂരില്‍ ഇന്ന് കലാശക്കൊട്ട്: വോട്ടെടുപ്പ് 28ന്

ചെങ്ങന്നൂര്‍: മാരത്തണ്‍ പ്രചാരണം ഇന്നു ഫിനിഷിങ് ലൈനിലേക്ക്. പ്രഖ്യാപനത്തിനു മുന്‍പേ ആരംഭിച്ച ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. രണ്ടര മാസം നീണ്ട അക്ഷീണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു…

By :  Editor
Update: 2018-05-25 23:30 GMT

ചെങ്ങന്നൂര്‍: മാരത്തണ്‍ പ്രചാരണം ഇന്നു ഫിനിഷിങ് ലൈനിലേക്ക്. പ്രഖ്യാപനത്തിനു മുന്‍പേ ആരംഭിച്ച ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. രണ്ടര മാസം നീണ്ട അക്ഷീണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം മൂര്‍ധന്യത്തിലെത്തി അവസാനിക്കും. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. രാജ്യമാകെ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31 നാണ്.

ദേശീയ, സംസ്ഥാന നേതാക്കളുള്‍പ്പെടെ രണ്ടു മാസത്തോളമായി മണ്ഡലത്തില്‍ നിറഞ്ഞുനിന്നു പ്രചാരണത്തിലാണ്. വികസനത്തുടര്‍ച്ചയായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. 'വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്' എന്നതായിരുന്നു എല്‍ഡിഎഫ് മുദ്രാവാക്യം. 'നാടിന്റെ നേര് വിജയിക്കും' എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാര്‍ഥിയുടെ വ്യക്തിത്വത്തിനു കൂടി യുഡിഎഫ് പ്രാധാന്യം നല്‍കി. 'നമുക്കും മാറാം' എന്ന വാക്യത്തിലൂടെ എന്‍ഡിഎ ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളെ സമന്വയിപ്പിച്ചു.

സ്വീകരണ പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികള്‍ അവസാന ദിവസങ്ങളില്‍ വീണ്ടും ഗൃഹസന്ദര്‍ശനം തുടങ്ങി. വിവാഹം, മരണം, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ചടങ്ങുകള്‍ തുടങ്ങി ഒന്നും വിട്ടുപോകാതെ നോക്കുന്നു. വേനല്‍ച്ചൂട് പ്രചാരണത്തോടു തീവ്രമായി മത്സരിച്ചതിനാല്‍ പൊതുയോഗങ്ങളും സ്ഥാനാര്‍ഥികളുടെ പര്യടനങ്ങളും ഏറെയും ഉച്ചകഴിഞ്ഞായിരുന്നു. ഇന്നു കലാശക്കൊട്ടിനിടെ എംസി റോഡിലും അനുബന്ധ റോഡുകളിലും ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയേറെയായതിനാല്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരഹൃദയത്തിന്റെ മിടിപ്പേറ്റുന്ന കലാശക്കൊട്ടിന്റെ അണിയറയിലാണു മൂന്നു പ്രധാന മുന്നണികളുടെയും പ്രവര്‍ത്തകര്‍.

Tags:    

Similar News