എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം: തിരിച്ചുവാങ്ങിയത് 18,000 കോടിക്ക്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. ടാലാസ് എന്ന…
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്‌പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി. 15100 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക. എയര്‍ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ അമ്പത് ശതമാനം ഓഹരികളും ഇനി ടാറ്റ സണ്‍സിന് സ്വന്തമായിരിക്കും.
2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു. ലേലത്തില്‍ ടാറ്റ വിജയിച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആ വിവരം നിഷേധിക്കുകയാണുണ്ടായത്.
ജെആര്‍ഡി തുടക്കത്തില്‍ ടാറ്റ എയര്‍ സര്‍വീസസ് എന്നും പിന്നീട് ടാറ്റ എയര്‍ലൈന്‍സ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സര്‍വീസ് 1953ലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. 2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചു. ഇതുവരൊയി എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത് 2017ലായിരുന്നു.