"വ്യക്തിപരമായ നഷ്ടമാണ് എനിക്ക് വേണുവിന്‍റെ വേർപാട്" പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ ഫാസില്‍
ആലപ്പുഴ എസ്.ഡി കോളജിലെ പഠനകാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ് സംവിധായകന്‍ ഫാസിലും നെടുമുടി വേണുവും തമ്മിൽ. അസുഖബാധിതനായി ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേണു ഫാസിലിനെ വിളിച്ചിരുന്നു.…
ആലപ്പുഴ എസ്.ഡി കോളജിലെ പഠനകാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ് സംവിധായകന്‍ ഫാസിലും നെടുമുടി വേണുവും തമ്മിൽ. അസുഖബാധിതനായി ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേണു ഫാസിലിനെ വിളിച്ചിരുന്നു. അത് അവസാനത്തെ വിളിയായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഫാസില്‍ പറയുന്നു.
'രാവിലെ എട്ടോടെയായിരുന്നു വേണുവിന്‍റെ കാള്‍ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചു. ഒന്നുമില്ല, കുറേ ആയില്ലേ സംസാരിച്ചിട്ട്, അതുകൊണ്ട് വിളിച്ചതാണ് എന്ന് മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഈ വിളി. ആശുപത്രിയില്‍ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി വീണ്ടും ഫോണ്‍ വന്നു. മകന്‍ ഉണ്ണിയായിരുന്നു വിളിച്ചത്. അപ്പോഴാണ് ഗുരുതരാവസ്ഥയിലാണെന്ന് അറിയുന്നത്. വ്യക്തിപരമായ നഷ്ടമാണ് വേണുവിന്‍റെ വേര്‍പ്പാട്. എല്ലാ തലമുറയില്‍പ്പെട്ട സിനിമാക്കാര്‍ക്കിടയിലും വേണു നിറഞ്ഞുനിന്നു' -ഫാസില്‍ പറയുന്നു.
ഫാസിലും താനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് നെടുമുടി വേണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കോളജ് പഠന കാലത്തെ കുറിച്ചും നാടകാഭിനയത്തെ കുറിച്ചും ഒരിക്കല്‍ നെടുമുടി വേണു പറഞ്ഞു -'ഞാനും ഫാസിലും ഒന്നിച്ച് കോളജില്‍ പഠിക്കുന്ന കാലം. ആലപ്പുഴയിലെ ഒരു നാടകമത്സരത്തില്‍ കാവാലമായിരുന്നു (കാവാലം നാരായണപ്പണിക്കര്‍) ജഡ്ജ്. ഞങ്ങളും മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഫാസിലായിരുന്നു നാടകത്തിന്റെ സംവിധാനം. റിസല്‍ട്ട് വന്നപ്പോള്‍ നാടകത്തിന് ഒന്നാംസ്ഥാനവും ഫാസില്‍ മികച്ച നടനും. തുടര്‍ന്ന് കാവാലം ഞങ്ങളെ പുതിയ നാടകസമിതിയിലേക്ക് വിളിക്കുകയായിരുന്നു. കാവാലത്തിന്റെ നാടകക്കളരിയില്‍ സാഹിത്യകാരന്മാര്, ശില്പികള്, സിനിമാപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാരും വരും. ഒരുപാട് സഹൃദയന്മാര് ഒത്തുകൂടുന്ന സ്ഥലമായിരുന്നു അത്. സിനിമയില്‍ എന്റെ പെര്‍ഫോമന്‍സിന് എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍ അത് അവിടെനിന്ന് കിട്ടിയതാണ്.'