മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിൻ്റേയും ഒപ്പമുള്ളവരുടേയും…

By :  Editor
Update: 2022-01-31 07:05 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിൻ്റേയും ഒപ്പമുള്ളവരുടേയും ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നതിൽ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നതിൽ കോടതി നാളെ തീരുമാനം പറയും. നാളെ 1.45-നാണ് ഉപഹർജി പരിഗണിക്കുക.

ഗൂഢാലോചന സ്ഥിരീകരിക്കാനായി ശക്തമായ ഒരു തെളിവും അന്വേഷണസംഘത്തിൻ്റെ കൈയിൽ ഇല്ലെന്നു ദിലീപ് വാദിച്ചു. നടക്കുന്നത് മാദ്ധ്യമവിചാരണയാണ്. വീട്ടിലുള്ള എല്ലാ ഗാഡ്ജറ്റ്സും ഉദ്യോഗസ്ഥർക്ക് നൽകി. തൻ്റെ അമ്മയെ ഒഴിച്ച് എല്ലാവരെയും പ്രതികളുമാക്കി. ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപ് കോടിയിൽ ചൂണ്ടിക്കാണിച്ചു. അന്വേഷണ ഏജൻസിയിൽ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഫോണുകൾ പൊലിസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകൻ അഡ്വ.ബി.രാമൻപ്പിള്ള വാദിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്ന് രാമൻപിള്ള വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണം ദീലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. നടൻ ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിൻ്റെ കൈവശമുള്ള രണ്ട് ഫോണുകൾ, സുരാജിൻ്റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിച്ചത്. ഈ ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് അയക്കുന്നതിൽ കോടതി തീരുമാനമെടുക്കും. ക്രൈംബ്രാ‍ഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്റെ നിലപാടെങ്കിലും ഈ ഫോണ് ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഐഫോൺ പണ്ടുപയോഗിച്ചതോ അന്വേഷണ സംഘം പിടിച്ചെടുത്തതോ ആകാമെന്നാണ് ദിലീപിൻ്റെ വിശദീകരണം.ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതി ഉത്തരവ് മറയാക്കി തെളിവുകൾ നശിപ്പിച്ചുവെന്നും പ്രതികളുടേത് കുറ്റക്കാരാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും പ്രോസിക്യൂഷൻ വാദം കോടതിയിൽ ഉയർത്തിയിരുന്നു.

മറ്റാർക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് കിട്ടുന്നതെന്നും മുൻകൂർ ജാമ്യം പോയിട്ട് സ്വാഭാവിക ജാമ്യത്തിന് പോലും അർഹതയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അന്വേഷണം ഒരുപാട് മുന്നോട്ട് പോയി. ജാമ്യം നൽകുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും ഫോൺ സൂക്ഷിക്കേണ്ട സ്ഥലം തീരുമാനിക്കുന്നത് പ്രതിയല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ദിലീപ് ഇല്ലെന്ന് പറയുന്ന നാലാമത്ത ഫോണില്‍ ദിലീപിന‍്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിട്ടുണ്ട്, 5 ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഫോണ്‍വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ചു കഴിഞ്ഞെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഈ ഫോണില്‍ ഉപയോഗിച്ചിരിക്കാമെന്നും അന്വേഷണ സംഘം കരുതുന്നു. ഈ ഫോണിനെകുറിച്ച ലഭ്യമായ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.

ഇതിനിടെ ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവ്വീസ് നടത്തിയിരുന്ന യുവാവ് കാറപകടത്തിൽ മരിച്ചതിനെ കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അങ്കമാലി പൊലീസിന് പരാതിനല്‍കി. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് എന്നയാള്‍ അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം.

Tags:    

Similar News