6 മാസം ഗര്‍ഭം പിന്നിട്ട പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി. ആരോഗ്യനില പരിഗണിച്ച് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.…

By :  Editor
Update: 2022-07-16 06:28 GMT

കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി. ആരോഗ്യനില പരിഗണിച്ച് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിനെ പെൺകുട്ടി ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷിക്കണമെന്നാണു നിർദേശം. ജസ്റ്റിസ് വി.ജി. അരുണിന്റെതാണ് നിർണായക ഉത്തരവ്.

ശിശുവിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തീരുമാനം വൈകുന്നതു പെൺകുട്ടിയുടെ കഠിനവേദന വർധിപ്പിക്കുമെന്നു കോടതി വിലയിരുത്തി.

പുറത്തെടുക്കുന്ന കുഞ്ഞിനു ജീവനുണ്ടെങ്കിൽ മികച്ച ചികിത്സ നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്. കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. നിലവിൽ, ആറുമാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ ഗർഭഛിദ്രം നടത്താൻ അനുമതിയില്ലെന്നിരിക്കെയാണ് പെൺകുട്ടിക്കു വേണ്ടി കോടതിയുടെ മനുഷ്യത്വപരമായ ഇടപെടൽ.

Tags:    

Similar News