‘അങ്ങനെ സവർക്കറെയും സഖാവാക്കി’: സി.പി.എം. പോസ്റ്റ് ആഘോഷമാക്കി ബി.ജെ.പി.യുടെയും സംഘപരിവാർ പ്രവർത്തകരുടെയും പ്രചാരണം
തിരുവനന്തപുരം : അന്തമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള സി.പി.എം. കുറിപ്പ് ബി.ജെ.പി. രാഷ്ട്രീയആയുധമാക്കുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനെ മുൻനിർത്തിയാണ് ബി.ജെ.പി.യുടെയും സംഘപരിവാർ പ്രവർത്തകരുടെയും പ്രചാരണം.…
തിരുവനന്തപുരം : അന്തമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള സി.പി.എം. കുറിപ്പ് ബി.ജെ.പി. രാഷ്ട്രീയആയുധമാക്കുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനെ മുൻനിർത്തിയാണ് ബി.ജെ.പി.യുടെയും സംഘപരിവാർ പ്രവർത്തകരുടെയും പ്രചാരണം.
‘കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ. ഈ ധീരയോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്’-ഇതായിരുന്നു സി.പി.എം. പേജിലെ പോസ്റ്റ്.
1909-1921 കാലയളവിലെ സെല്ലുലാർ ജയിലിലെ തടവുകാരുടെ വിവരങ്ങളുംപങ്കുവെച്ചു. ഇതിൽ ബോംബെയിൽനിന്നുള്ള മൂന്നാമത്തെ പേരുകാരൻ വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി.സവർക്കർ ആണ്. തടവുകാരുടെ പേര് കൊത്തിവെച്ച ഫലകത്തിന്റെ ചിത്രം അതേരീതിയിൽ ഫോട്ടോയായും നൽകിയിട്ടുണ്ട്. എന്നാൽ, സി.പി.എമ്മിന്റെ പോസ്റ്റ് ‘അങ്ങനെ സവർക്കറെയും സഖാവാക്കി’ എന്നു വ്യഖ്യാനിച്ച് ബി.ജെ.പി. ആഘോഷമാക്കി. ധീരയോദ്ധാക്കളായ സ്വതന്ത്ര്യസമരസേനാനിയായി സവർക്കറെ സി.പി.എമ്മിന് അംഗീകരിക്കാൻ പറ്റുന്നുണ്ട്. സൈബർപോരാളികൾക്കാണ് പ്രശ്നമെന്ന് സ്ഥാപിക്കുകയാണ് ബി.ജെ.പി. അനുകൂലികൾചെയ്യുന്നത്. ധീരയോദ്ധാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്തു പുറത്തിറങ്ങി, അതാണ് ചരിത്രമെന്ന് സി.പി.എം. പ്രൊഫൈലുകളും തിരിച്ചടിക്കുന്നുണ്ട്.