കേരളാ വനിതാ ലീഗ് ഫുട്‌ബോളില്‍ ലോഡ്‌സ് എഫ്.എ. കൊച്ചിക്ക് കിരീടം
കോഴിക്കോട്: കേരളാ വനിതാ ലീഗ് ഫുട്‌ബോളില്‍ ലോഡ്‌സ് എഫ്.എ. കൊച്ചിക്ക് കിരീടം. കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയെ 5-2 നു…
കോഴിക്കോട്: കേരളാ വനിതാ ലീഗ് ഫുട്‌ബോളില്‍ ലോഡ്‌സ് എഫ്.എ. കൊച്ചിക്ക് കിരീടം. കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയെ 5-2 നു തോല്‍പ്പിച്ചാണു ലോഡ്‌സ് ജയിച്ചത്.
അനായാസം കിരീടം നേടാമെന്ന കണക്കു കൂട്ടലിലാണു നിലവിലെ ചാമ്പ്യനായ ഗോകുലം കളത്തിലിറങ്ങിയത്. പക്ഷേ വനിതാ ലീഗിലെ ആദ്യ തോല്‍വി അറിയാനായിരുന്നു അവരുടെ യോഗം. അവസാന ലീഗ് മത്സരത്തില്‍ ലോഡ്‌സിനെ 5-1 നു തോല്‍പ്പിച്ച ആത്മവിശ്വാസവും ഗോകുലത്തിനു കൂട്ടായി. ഫൈനലില്‍ രംഗം മാറി. ആക്രമണത്തിന് ഒപ്പം നില്‍ക്കുന്ന പ്രതിരോധമായിരുന്നു ലോഡ്‌സ് കോച്ച് അമൃത അരവിന്ദ് ഗോകുലത്തിനെതിരേ ഒരുക്കിയത്. വിവിയന്‍ കൊനേഡു അഡ്‌ജെയെ ഒരു ഗോളടിച്ചെങ്കിലും ലോഡ്‌സിന്റെ പ്രതിരോധ നിര തളച്ചു. 80-ാം മിനിറ്റില്‍ വിവിയനെ മാറ്റി ബര്‍ത്തയെ ഇറക്കാന്‍ ഗോകുലം നിര്‍ബന്ധിതരായി.
തകര്‍പ്പന്‍ പാസിങ്ങുകളിലൂടെ ഗോകുലത്തെ വിറപ്പിച്ചു നാലു ഗോളുകളടിച്ച മ്യാന്‍മറുകാരി വിന്‍ തെങ്കി ടണ്‍ ലോഡ്‌സിന്റെ വിജയ ശില്‍പ്പിയായി. 27,40,53,88 മിനിട്ടുകളില്‍ വിന്‍ ഗോകുലത്തിന്റെ വല ചലിപ്പിച്ചു. 22-ാം മിനിറ്റില്‍ ഘാനക്കാരി വിവിയന്‍ കോനേദു അഡ്‌ജയിലൂടെ ഗോകുലമാണ് ആദ്യം ഗോളടിച്ചത്.
ലീഗിലെ തനിയാവര്‍ത്തനം പ്രതീക്ഷിച്ച കാണികള്‍ക്കു തെറ്റി. വിന്‍ തെങ്കിയുടെ ഗോളടി മേളമാണു തുടര്‍ന്നു കണ്ടത്. ഒന്നാം പകുതി അവസാനിക്കുമ്പോര്‍ ലോഡ്‌സ് 2-1 നു മുന്നിലായിരുന്നു. 53-ാം മിനിറ്റില്‍ വിന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേ ബെര്‍ത്ത് ഗോകുലത്തിനു വേണ്ടി ഒരു ഗോള്‍ മടക്കി. ഇടതു വിംഗില്‍ നിന്നെടുത്ത കേര്‍ണര്‍ കിക്ക്‌് ബര്‍ത്ത ഗോളാക്കി. മൂന്ന് മിനിറ്റുകള്‍ക്കു ശേഷം വിന്‍ ഒരു ഗോള്‍ കൂടിയടിച്ചു.
ഇഞ്ചുറി ടൈമില്‍ ഇന്ത്യന്‍ താരം ഇന്ദുമതി കതിരേശന്‍ ലോഡ്‌സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഒന്‍പത് ലീഗ് മത്സരങ്ങളും ജയിച്ച് അപരാജിതരായെത്തിയ ഗോകുലം താരങ്ങള്‍ കുനിഞ്ഞ ശിരസോടെ പുറത്തേക്കും. 10 മത്സരങ്ങളിലായി 49 ഗോളുകളടിച്ച വിന്‍ ടോപ് സ്‌കോററായി. ലോഡ്‌സ് ചാമ്പ്യന്മാരായതോടെ ദേശീയ വനിതാ ലീഗിലേക്ക് യോഗ്യത നേടി. ഗോകുലം നേരത്തെ യോഗ്യത നേടിയിരുന്നു. ഇന്ദുമതി കതിരേശനാണു ടൂര്‍ണമെന്റിലെ താരം. മികച്ച ഡിഫന്‍ഡര്‍ ഗോകുലത്തിന്റെ ഫെമിന രാജാണ്. ലൂക്കയുടെ ഇ.എം വര്‍ഷയാണ് മികച്ച ഗോള്‍ കീപ്പര്‍.