അഞ്ച് വര്‍ഷമെടുത്ത് നിര്‍മിച്ച സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിന് പോകാന്‍ പോലീസുകാരന് അവധി നൽകാതെ മേലധികാരി; റിപ്പോര്‍ട്ട് തേടി എഡിജിപി

തിരുവനന്തപുരം: സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പൊലീസുകാരന് അവധി നല്‍കാതിരുന്ന സംഭവത്തില്‍ എസ്എപി ക്യാമ്പ് കമാന്‍ഡന്റിനോട് വിശദീകരണം തേടി എഡിജിപി. സംഭവം വിവാദമായതോടെയായിരുന്നു വിഷയത്തില്‍ എഡിജിപിയുടെ…

By :  Editor
Update: 2022-11-04 22:21 GMT

തിരുവനന്തപുരം: സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പൊലീസുകാരന് അവധി നല്‍കാതിരുന്ന സംഭവത്തില്‍ എസ്എപി ക്യാമ്പ് കമാന്‍ഡന്റിനോട് വിശദീകരണം തേടി എഡിജിപി. സംഭവം വിവാദമായതോടെയായിരുന്നു വിഷയത്തില്‍ എഡിജിപിയുടെ ഇടപെടല്‍. കമാന്‍ഡിങ് ഓഫീസര്‍ ബ്രിട്ടോയെ പരിശീലന ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കെഎപി ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പൊലീസുകാരനായിരുന്നു അഞ്ച് വര്‍ഷമെടുത്ത് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.

കമാന്‍ഡോ പരിശീലനത്തിനായാണ് അദ്ദേഹം എസ്എപി ക്യാമ്പിലെത്തിയത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശം നിശ്ചയിച്ചിരുന്നത്. ഇതിനായി ശനിയും ഞായറും അവധി ചോദിച്ചെങ്കിലും കമാന്‍ഡിങ് ഓഫീസറായ ഉദ്യോഗസ്ഥന്‍ അവധി അനുവദിച്ചില്ലെന്നാണ് പരാതി. എന്നാല്‍ ഇതേ ദിവസങ്ങളില്‍ മറ്റ് ചിലര്‍ക്ക് അവധി നല്‍കിയെന്നും ആരോപണമുണ്ട്. ഗൃഹപ്രവേശന ദിവസം അഞ്ച് മണിക്കൂര്‍ പോയി വരാനാണ് പൊലീസുകാരന് അനുമതി ലഭിച്ചത്.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഫോണെടുക്കാത്തതിനാല്‍ നേരിട്ട് കണ്ട് അനുമതി വാങ്ങിയപ്പോഴേക്കും വൈകി. ഇതിനാല്‍ ചടങ്ങ് കഴിഞ്ഞാണ് പൊലീസുകാരന്‍ വീട്ടിലെത്തിയത്. രണ്ട് മണിക്കൂറിനകം മടങ്ങേണ്ടിയും വന്നു. സംഭവം വിവാദമായതോടെയാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയത്.

Similar News