മകൾ ​ഗുരുതരാവസ്ഥയിലെന്ന് ഫോണെത്തി; പിതാവ് മരണവിവരമറിഞ്ഞത് വിമാനത്താവളത്തിലെ ടി.വിയിലൂടെ

കൊച്ചി: കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം. സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാ​ഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ​ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകൾക്ക്…

By :  Editor
Update: 2022-12-22 23:25 GMT

കൊച്ചി: കേരളത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം. സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാ​ഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ​ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകൾക്ക് സുഖമില്ലെന്ന് അറി‍ഞ്ഞ് നാ​ഗ്പൂരിലേക്ക് തിരിച്ച നിദയുടെ അച്ഛൻ വിമാനത്താവളത്തിലെ ടിവിയിൽ നിന്നാണ് പൊന്നോമനയുടെ മരണം അറിയുന്നത്.

ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ അച്ഛൻ ഷിഹാബുദ്ദീന് മകൾ ​ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് ഫോൺ എത്തുകയായിരുന്നു. സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു വിളിയെത്തിയത്. തുടർന്ന് നാ​ഗ്പൂരിലേക്ക് പോകാനായി ഉടൻ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. വിമാനം കാത്തിരിക്കുമ്പോഴാണ് മകളുടെ മരണം ടിവിയിൽ ബ്രേക്കിങ് ന്യൂസായി പോകുന്നത് കണ്ടത്. നിദയുടെ അമ്മയും സഹോദരനും മരണവാർത്ത അറിഞ്ഞതും ടിവിയിൽ നിന്നാണ്. മാതാവ് അന്‍സിലയും സഹോദരന്‍ മുഹമ്മദ് നബീലും ചാനല്‍ മാറ്റുന്നതിനിടെയാണ് മരണവിവരം അറിഞ്ഞത്. നിദ മരിക്കുന്ന സമയത്ത് മൈതാനത്തായിരുന്നു സഹ കളിക്കാർ. മൈതാനത്തെ ഫോട്ടോകള്‍ അവര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇടുന്നുമുണ്ടായിരുന്നു.

ഞായറാഴ്ചയാണ് നിദയും സംഘവും ടൂർണമെന്റിൽ പങ്കെടുക്കാൻ ആലപ്പുഴയില്‍നിന്നു പുറപ്പെട്ടത്. നാഗ്പുരിലെത്തിയശേഷവും മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഛര്‍ദ്ദിയും വയറുവേദനയും മൂലം നിദ പ്രയാസപ്പെടുന്നുവെന്നായിരുന്നു ഷിഹാബിനു ലഭിച്ച ആദ്യ വിവരം. അത്യാസന്ന നിലയിലാണെന്ന് പിന്നീടറിഞ്ഞപ്പോഴാണ് നാഗ്പുരിലേക്കു പുറപ്പെട്ടത്.

Tags:    

Similar News