രണ്ടുപേര്‍ മരിക്കാനിടയായ മണിമല അപകടത്തിൽ ആദ്യ എഫ്.ഐ.ആറിൽ ജോസ് കെ. മാണിയുടെ മകന്‍റെ പേരില്ല; പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ

കോട്ടയം: രണ്ടുപേര്‍ മരിക്കാനിടയായ മണിമല അപകടത്തിൽ പൊലീസ് ആദ്യം തയ്യാറാക്കിയ എഫ്‌.ഐ.ആറിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം മാണി ജൂനിയറിന്റെപേര് ഒഴിവാക്കി ഇതോടെ കെ.എം മാണിയെ…

By :  Editor
Update: 2023-04-10 08:09 GMT

കോട്ടയം: രണ്ടുപേര്‍ മരിക്കാനിടയായ മണിമല അപകടത്തിൽ പൊലീസ് ആദ്യം തയ്യാറാക്കിയ എഫ്‌.ഐ.ആറിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം മാണി ജൂനിയറിന്റെപേര് ഒഴിവാക്കി ഇതോടെ കെ.എം മാണിയെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമം നടത്തിയെന്ന ആരോപണം ശക്തമാവുകയാണ്. 45വയസുള്ള ആള്‍ എന്നാണ് എഫ്.ഐ.ആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. കെ.എം മാണിയെ കണ്ടിട്ടും പേര് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇയാളുടെ രക്തസാമ്പിൾ പരിശോധന നടത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

മൂവാറ്റുപുഴ - പുനലൂര്‍ റോഡില്‍ മണിമല ബി.എസ്.എൻ.എല്ലിന് സമീപം ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തു താഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് എന്നിവർ കൊല്ലപ്പെട്ടിരുന്നു.

വാഹനമോടിച്ചത് ജോസ്. കെ മാണിയുടെ മകനാണെന്ന് അന്നു തന്നെ ആരോപണവുമുണ്ടായി. പ്രതിഷേധം ശക്തമായതോടെയാണ് അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കും ഞായറാഴ്ചയോടെ കെ.എം മാണിയ്‌ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

കെ.എം മാണി സഞ്ചരിച്ച ഇന്നോവ വാഹനമാണ് സഹോദരങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചത്. അമിതവേഗത്തിലെത്തിയ കാർ സഡൻ ബ്രേക്കിട്ട് നിർത്തിയപ്പോൾ സ്കൂട്ടർ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ 19 വയസുകാരനായ കെ.എം മാണി അപകട സ്ഥലത്തുണ്ടായിരുന്നു. ഈ വസ്തുതകളെല്ലാം നിലനിൽക്കെയാണ് 45വയസുള്ള ഒരാളാണ് വാഹനം ഓടിച്ചിരുന്നത് എന്ന് പൊലീസ് ആദ്യം തയ്യാറാക്കിയ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്.

Tags:    

Similar News