‘ഞാൻ ഇന്ന് ലജ്ജിക്കുന്നു, ക്ഷമിക്കുക’: സോളറിൽ മുൻ ദേശാഭിമാനി എഡിറ്ററുടെ കുമ്പസാരം
തിരുവനന്തപുരം∙ സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം.…
തിരുവനന്തപുരം∙ സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം. മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തയാറാകുമോ എന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചോദിച്ചു.
∙ മാധവൻകുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പ്രസക്തഭാഗം:
"സരിത " വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.
ഇതു പറയാന്‍ ഓസിയുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു