ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ നാല് വയസ്സുകാരന് തെരുവ് നായ്ക്കളുടെ കടിയേറ്റു
ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ നാല് വയസ്സുകാരന് തെരുവ് നായ്ക്കളുടെ കടിയേറ്റു. കെ.ടി.ഡി.സി അതിഥി മന്ദിരമായ നന്ദനത്തിന്റെ മുറ്റത്തുവെച്ചാണ് സംഭവം. കണ്ണൂര്‍ ഒളിയില്‍ സ്വദേശി പത്മാലയത്തില്‍ രജിത്തിന്റെ…
;ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ നാല് വയസ്സുകാരന് തെരുവ് നായ്ക്കളുടെ കടിയേറ്റു. കെ.ടി.ഡി.സി അതിഥി മന്ദിരമായ നന്ദനത്തിന്റെ മുറ്റത്തുവെച്ചാണ് സംഭവം. കണ്ണൂര്‍ ഒളിയില്‍ സ്വദേശി പത്മാലയത്തില്‍ രജിത്തിന്റെ മകന്‍ ദ്യുവിത്തിനെയാണ് നാല് നായ്ക്കളടങ്ങുന്ന സംഘം ആക്രമിച്ച് കാലില്‍ കടിച്ചു മുറിച്ചത്. ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അബൂദബിയില്‍ ജോലി ചെയ്യുന്ന രജിത്ത് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഭാര്യ നീതുവിനും രണ്ട് മക്കള്‍ക്കുമൊപ്പം ചിങ്ങം ഒന്നിന് ദര്‍ശനത്തിനെത്തിയതായിരുന്നു. കെ.ടി.ഡി.സി അതിഥി മന്ദിരമായ നന്ദനത്തിലാണ് മുറിയെടുത്തിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ മുറി ഒഴിഞ്ഞ് സാധനങ്ങള്‍ കാറിലെടുത്തു വെക്കുമ്പോഴാണ് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. കുട്ടി കാറിനടുത്ത് നില്‍ക്കുകയായിരുന്നു. നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട് റിസപ്ഷനില്‍നിന്ന് മാതാപിതാക്കള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. കെ.ടി.ഡി.സി ജീവനക്കാരടക്കം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഉണ്ടായിരുന്നു.
കെ.ടി.ഡി.സിയുടെ പരിസരം തെരുവ് നായ്ക്കളുടെ താവളമായി മാറിയ വിവരം അധികൃതര്‍ നഗരസഭയെ അറിയിച്ചിട്ടും സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍മാരായ വി.കെ. സുജിത്ത്, കെ.പി.എ റഷീദ് എന്നിവര്‍ ആരോപിച്ചു.