മദ്യലഹരിയില്‍ പോലീസുകാരെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

കൊല്ലം: മദ്യലഹരിയില്‍ പോലീസുകാരെ മര്‍ദിച്ച പ്രവാസി മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ അമിത വേഗത്തില്‍ കാറോടിച്ചു കയറ്റിയ ശേഷമായിരുന്നു മര്‍ദനം.…

By :  Editor
Update: 2018-07-02 01:31 GMT

കൊല്ലം: മദ്യലഹരിയില്‍ പോലീസുകാരെ മര്‍ദിച്ച പ്രവാസി മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ അമിത വേഗത്തില്‍ കാറോടിച്ചു കയറ്റിയ ശേഷമായിരുന്നു മര്‍ദനം. കൊട്ടിയം മൈലാപ്പൂര്‍ ചെറുപുഷ്പം കോണ്‍വെന്റിന് സമീപം ആറാട്ട് മേലതില്‍ ഷാജി മന്‍സിലില്‍ ബൈജു ഷാജഹാനാ(42)ണ് അറസ്റ്റിലായത്.

മദ്യപിച്ച് അമിതവേഗത്തില്‍ കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ആഡംബര വാഹനം ഓടിച്ചു കയറ്റിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എ.എസ്.ഐ പ്രഭാകരന്‍പിള്ളയ്ക്കും എസ്.ഐ. അബ്ദുര്‍ റഹ് മാനും മര്‍ദനമേറ്റത്. കൈയ്ക്കു പരുക്കേറ്റ എ.എസ്.ഐ പ്രഭാകരന്‍പിള്ളയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ പളളിമുക്കിന് സമീപം ആഡംബര വാഹനത്തില്‍ എത്തിയ ഇയാള്‍ കാര്‍ റോഡിനു കുറുകെ ഇട്ടശേഷം മറ്റു വാഹനയാത്രക്കാരെ അസഭ്യം വിളിക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത വേഗത്തില്‍ വാഹനം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ച് കയറ്റി പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ വരുന്ന വഴിയില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരെയും അസഭ്യം പറഞ്ഞതായും പറയുന്നു.

സ്‌റ്റേഷന്‍ വളപ്പില്‍ അതിക്രമിച്ചു കയറി പോലീസിനെ മര്‍ദിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Similar News