മുനമ്പത്ത് വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം
കാണാതായ മത്സ്യ തൊഴിലാളികൾ വൈപ്പിൻ: മുനമ്പത്ത് കടലിൽ ഫൈബർ വെള്ളം മുങ്ങികാണാതായ നാല് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിൽ തുടരുന്നു. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ,…
കാണാതായ മത്സ്യ തൊഴിലാളികൾ
വൈപ്പിൻ: മുനമ്പത്ത് കടലിൽ ഫൈബർ വെള്ളം മുങ്ങികാണാതായ നാല് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിൽ തുടരുന്നു. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്.
വൈപ്പിൻ, അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിലെ ഫിഷറീസ് വകുപ്പിന്‍റെ മൂന്ന് പട്രോൾ ബോട്ടുകൾ, വൈപ്പിൻ പ്രത്യാശ മറൈൻ ആംബുലൻസ്, കോസ്റ്റൽ പൊലീസിന്‍റെ ബോട്ട്, കോസ്റ്റ് ഗാർഡിന്‍റെ ചെറുതും വലുതുമായ കപ്പലുകൾ എന്നിവ കടലിലും കോസ്റ്റ് ഗാർഡിന്‍റെ ഡോണിയർ വിമാനം, ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്റർ എന്നിവ ആകാശ നിരീക്ഷണത്തിലുമായാണ് തെരച്ചിൽ നടത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മുനമ്പം അഴിമുഖത്തുനിന്ന് ഏഴു ഫാതം അകലെ പടിഞ്ഞാറാണ് അപകടമുണ്ടായത്. കടലിൽ കിടന്നിരുന്ന സമൃദ്ധി എന്ന ബോട്ടിൽ നിന്നും മത്സ്യം എടുത്തു വരുകയായിരുന്ന നന്മ എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ ഇന്നലെ രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ് ജൂഡ് ബോട്ടിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ മണിയൻ എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
എറണാകുളം, തൃശ്ശൂർ ജില്ലകളിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം ഒഴിവാക്കിയാണ് വ്യാപക തെരച്ചിൽ നടത്തുന്നത്. അധികം ലോഡ് കയറ്റിയതും 7 പേർ കയറിയതും മോശം കാലാവസ്ഥയും ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഭാരവുമായി മുങ്ങിയത് കാരണമാകാം ഫൈബർ വഞ്ചിയെ കണ്ടെത്താൻ കഴിയാത്തത് എന്നാണ് വിലയിരുത്തൽ.