'ഇടുക്കിയിലെ ഭൂവിഷയങ്ങൾ വഷളാക്കിയതിൽ റവന്യൂ മന്ത്രിയുടെ ഇടപെടൽ ചെറുതല്ല'; മന്ത്രിക്ക് തന്നോട് വിരോധമെന്നും എം.എം.മണി
അടിമാലി: റവന്യു മന്ത്രി കെ.രാജനെതിരെ ഗുരുതര ആക്ഷേപങ്ങളുമായി മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം.മണി. ഇടുക്കിയിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്നതിനാൽ തന്നോട് റവന്യൂ മന്ത്രിക്ക്…
;അടിമാലി: റവന്യു മന്ത്രി കെ.രാജനെതിരെ ഗുരുതര ആക്ഷേപങ്ങളുമായി മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം.മണി. ഇടുക്കിയിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് ന്യായത്തിന്റെ ഭാഗത്ത് നിൽക്കുന്നതിനാൽ തന്നോട് റവന്യൂ മന്ത്രിക്ക് കടുത്ത വിരോധമുണ്ടെന്ന് എം.എം.മണി പറഞ്ഞു.
ഭൂവിഷയവുമായി ബന്ധപ്പെട്ട് മൂന്ന് യോഗം റവന്യു മന്ത്രി വിളിച്ചു. രണ്ടു യോഗത്തിൽ താൻ പങ്കെടുത്തു. ഇതിൽ മന്ത്രി കൈയ്യേറ്റം എന്ന പ്രയോഗത്തിനപ്പുറം കുടിയേറ്റം എന്ന വിഷയം പരിഗണിച്ചില്ല. ഇത് ചോദ്യം ചെയ്തതാണ് തന്നോട് റവന്യു മന്ത്രിക്ക് വിരോധം തോന്നാൻ കാരണം. ഇരുപതേക്കറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് റവന്യു മന്ത്രിക്കെതിരെ എം.എം.മണി ആക്ഷേപം ഉന്നയിച്ചത്.
ഞാൻ തൃശൂർകാരനല്ല. ഇടുക്കി കാരാനാണ് ഒരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. ഇടുക്കിയിലെ ഭൂ വിഷയങ്ങൾ വഷളാക്കിയതിൽ റവന്യൂ മന്ത്രിയുടെ ഇടപെടൽ ചെറുതല്ല. അതിന് ശേഷം കാര്യങ്ങൾ മനസിലാക്കാതെ മന്ത്രി ഒരോന്ന് പറയുന്നു. അദ്ദേഹത്തിന് എന്തും പറയാമെന്നും എം.എം.മണി പറഞ്ഞു.
വനഭൂമി പുതിയതായി കൈയ്യേറിയെങ്കിൽ അത് ഒഴിപ്പിക്കേണ്ടത് തന്നെയാണ്. എന്നാൽ പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ചിരിക്കുന്ന കർഷകരെ ഒഴിപ്പിക്കാൻ വന്നാൽ നോക്കി നിൽക്കില്ല. ചിന്നക്കനാലിൽ കൈയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാരണം ഉണ്ടാകും. ഭൂ ഉടമ കോടതിയെ സമീപിക്കാത്തതിൽ ദുരൂഹതയുണ്ട്. ഇവിടെ ജനങ്ങളുടെ പ്രതിഷേധം ന്യായമാണെങ്കിൽ അവർക്കൊപ്പം നിൽക്കും.