‘ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി’: 29 വര്‍ഷം മുമ്പ് തല തല്ലിപ്പൊളിച്ച പോലീസുകാരന്‍ ഗീനാകുമാരിയെ കാണാനെത്തി

തിരുവനന്തപുരം: ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിരുന്ന ടി ഗീനാകുമാരിയെ മര്‍ദ്ദിച്ച പോലീസുകാരന്‍ ക്ഷമ ചോദിക്കാനെത്തി. എസ്‌ഐ ജോര്‍ജ് ആണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഗീനാകുമാരിയോട് ക്ഷമ ചോദിച്ചെത്തിയത്.…

By :  Editor
Update: 2023-10-21 06:36 GMT

തിരുവനന്തപുരം: ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിരുന്ന ടി ഗീനാകുമാരിയെ മര്‍ദ്ദിച്ച പോലീസുകാരന്‍ ക്ഷമ ചോദിക്കാനെത്തി. എസ്‌ഐ ജോര്‍ജ് ആണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഗീനാകുമാരിയോട് ക്ഷമ ചോദിച്ചെത്തിയത്. പാലക്കാട് റെയില്‍വെ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആണ് ഇപ്പോള്‍ ജോര്‍ജ്. ഗീനാകുമാരി ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ്.

1994 നവംബര്‍ 15നായിരുന്നു സംഭവം. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സമരം കൊടുമ്പിരികൊണ്ട കാലം. സെക്രട്ടേറിയേറ്റിന് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അതിശക്തമായ പ്രതിഷേധ സമരത്തിന്റെ മുന്‍നിരയില്‍ ഗീനാകുമാരിയും. ഉച്ചയ്ക്ക് 12.15ഓടെ പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. ഇതിനിടെ എആര്‍ ക്യാമ്പില്‍ നിന്നെത്തിയ ജോര്‍ജിന്റെ ലാത്തി ഗീനാകുമാരിയുടെ നെറ്റിയില്‍ പതിച്ചു. ശിരസില്‍ നിന്നും ചോര ഒലിച്ചിറങ്ങി. പതറാതെ നിന്ന ഗീനാകുമാരിയുടെ സമരാവേശം വലിയ ചര്‍ച്ചയായി. അന്ന് കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സനുമായിരുന്നു ഗീനാകുമാരി.


കഴിഞ്ഞ ദിവസം നേരില്‍ കണ്ട ജോര്‍ജ് പറഞ്ഞു, ‘ഉള്ളിലെ നീറ്റല്‍ നേരിട്ട് കണ്ട് പറയാനാണ് വന്നത്. ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി’, ഇതുമാത്രമാണ് ജോര്‍ജ് പറഞ്ഞത്. ജോര്‍ജിന് മറുപടിയായി ഗീനാകുമാരി ഫേസ്ബുക്കില്‍ മറുപടി കുറിച്ചു. ‘എങ്കിലും ജോര്‍ജ് നിങ്ങള്‍ വന്നല്ലോ. ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നെ തിരിച്ചറിഞ്ഞല്ലോ.. നന്ദി.. സുഹൃത്തേ..’ എന്നു പറഞ്ഞ് ഗീനാകുമാരി ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഒരിക്കൽ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാൾ എന്നെ കാണാൻ വന്നു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാൾ തന്നെയാണ്. ആദ്യമായാണ് മുഖം കാണുന്നത്.എന്ത് പറയണമെന്ന് ആകെ കൺഫ്യൂഷൻ ആയിരുന്നു. ഇരുപതാം വയസ്സിൽ തലതല്ലി പൊട്ടിച്ചയാൾ.
കുറ്റബോധത്തോടെ ,”ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി, മുപ്പതു വർഷമായി കൊണ്ടുനടക്കുന്ന ഉള്ളിലെ നീറ്റൽ നേരിട്ട് കണ്ട് പറയാനാണ് വന്നത്”. ജോർജ്ജിന്റെ വാക്കുകൾ പതറുകയായിരുന്നു.1994 നവംബർ 25ന് ഉച്ചയ്ക്ക് 12.15 നാണ് ജോർജ്ജിന്റെ ലാത്തി എന്റെ നെറ്റിയിലേക്ക് ആഞ്ഞു പതിച്ചത്.

Full View

ട്രെയിനിംഗ് കഴിഞ്ഞു ഫീൽഡിൽ ലേക്ക് വന്ന പൊലീസ് തന്റെ ഔദ്യോഗിക കൃത്യനിർവഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ഞങ്ങളും പോരാട്ടഭൂമികയിൽ അടിയുറച്ച് നിന്നിരുന്നു. അതിന്റെ ഫലമായി നേരിട്ട വിഷമതകൾ മാഞ്ഞു പോയിട്ടൊന്നും ഇല്ല.
പൊലീസ് അസോസിയേഷൻ നേതാവ് സി.പി.ബാബുരാജി നൊപ്പം പാലക്കാട് നിന്നാണ് ജോർജ് വന്നത്. ദേശാഭിമാനി ഫോട്ടോഗ്രാഫർ ആയിരുന്നു രാജേന്ദ്രൻ സഖാവിനെയും ഫോണിൽ വിളിച്ച് സംസാരിച്ചു.
മെയ് മാസത്തിൽ റിട്ടയർ ചെയ്യുന്നതിന് മുമ്പായി നേരിട്ട് കാണണമെന്ന് നേരത്തെ സുബൈദ സഖാവ് Subaida Issac പറഞ്ഞിരുന്നെങ്കിലും ഞാനത് പ്രോത്സാഹിപ്പിച്ചില്ല.
എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ .
വർഷങ്ങൾക്ക് ശേഷം ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ..
നന്ദി.. സുഹൃത്തേ..

Tags:    

Similar News