മിഷോങ് ചുഴലിക്കാറ്റ്: കനത്ത മഴ; ചെന്നൈയില്‍ വെള്ളക്കെട്ട്, റെഡ് അലര്‍ട്ട്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി; ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം…
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് അതീവജാഗ്രതയിലാണ് . ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ചെന്നൈയില്‍ അടക്കം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം.
ചെങ്കല്‍പേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 60-70 കി.മീ. വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വില്ലുപുരം കൂഡല്ലൂര്‍ എന്നിവിടങ്ങളും കാറ്റ് ശക്തമാകും. ഗുരുനാനാക്ക് കോളജിനു സമീപം കെട്ടിടം തകര്‍ന്നുവീണ് 10 ജീവനക്കാര്‍ കുടുങ്ങി. കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകള്‍ റദ്ദാക്കി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോ, സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.