പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കുന്നു
കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കും. തിയേറ്ററുടമകളുടെ സംഘടന ഫിയോക് ആണ് ഇക്കാര്യം അറിയിച്ചത്. തിയേറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ…
കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കും. തിയേറ്ററുടമകളുടെ സംഘടന ഫിയോക് ആണ് ഇക്കാര്യം അറിയിച്ചത്. തിയേറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമ്മാതാക്കൾ ഒടിടിക്ക് നൽകുന്നതിൽ പ്രതിഷേധിച്ചാണ് ഫിയോക് കർശന നിലപാട് സ്വീകരിക്കാനൊരുങ്ങുന്നത്.
42 ദിവസത്തിന് ശേഷമേ ചിത്രങ്ങൾ ഒടിടിയിൽ നൽകുകയുള്ളു എന്ന ധാരണ പലരും തെറ്റിച്ചുവെന്നാണ് ഫിയോക് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയേറ്റർ വിഹിതം 60 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നാണ് ഫിയോക് ഭാരവാഹികൾ ഉന്നയിച്ചിരിക്കുന്ന മറ്റൊരു ആവശ്യം. ബുധനാഴ്ച്ചയ്ക്കുള്ളിൽ ഇക്കാര്യങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
നിലവിൽ തിയേറ്ററുകളിലുള്ള സിനിമകളുടെ പ്രദർശനം തുടരുമെങ്കിലും പുതിയ ചിത്രങ്ങളുടെ റീലിസിനെ ഫിയോക് തീരുമാനം പ്രതിസന്ധിയിലാക്കും. സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്‌സുകളെ നിർമാതാക്കൾ സഹായിക്കുന്നുവെന്ന ആരോപണവും ഫിയോക് ഉന്നയിച്ചിട്ടുണ്ട്.