പൗരത്വ നിയമഭേദഗഗതി നിലവില്‍ വന്നതോടെ വീണ്ടും ചര്‍ച്ചയായി കൊല്ലത്തെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്

കൊല്ലം: രാജ്യത്ത് നിയമഭേദഗതി നിലവില്‍ വന്നതോടെ അനധികൃതമായി രാജ്യത്ത് പ്രവേശിപ്പിക്കുന്നവരെ പാര്‍പ്പിക്കുന്ന കൊല്ലം മയ്യനാട്ടെ ട്രാന്‍സിറ്റ് ഹോം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. വിദേശത്തുനിന്ന് നുഴഞ്ഞുകയറുന്നവര്‍ക്കായി കൊല്ലത്ത് കോണ്‍സണ്‍ട്രേഷന്‍…

By :  Editor
Update: 2024-03-15 05:32 GMT

കൊല്ലം: രാജ്യത്ത് നിയമഭേദഗതി നിലവില്‍ വന്നതോടെ അനധികൃതമായി രാജ്യത്ത് പ്രവേശിപ്പിക്കുന്നവരെ പാര്‍പ്പിക്കുന്ന കൊല്ലം മയ്യനാട്ടെ ട്രാന്‍സിറ്റ് ഹോം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു.

വിദേശത്തുനിന്ന് നുഴഞ്ഞുകയറുന്നവര്‍ക്കായി കൊല്ലത്ത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുണ്ടെന്ന പ്രചാരണമാണ് കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയവിവാദമായത്. പൗരത്വനിയമ ഭേദഗതി നടപ്പാക്കുമ്പോള്‍ അനധികൃതമായി രാജ്യത്തെത്തിക്കുന്നവരെ പാര്‍പ്പിക്കാനുള്ളയിടമാണ് മയ്യനാട്ടെ ട്രാന്‍സിറ്റ് ഹോമെന്ന പ്രചാരണം വസ്തുതകള്‍ അറിയാതെയുള്ളതാണെന്നാണ് സാമൂഹികനീതിവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഹോം തുടങ്ങിയത്. കോടതി നിര്‍ദേശിക്കുന്നവരെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്. കേസുകളില്‍നിന്ന് മോചിതരാകുന്നവരെ വൈകാതെ നാട്ടിലേക്ക് തിരിച്ചയക്കുന്നുണ്ട്’,അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 29 പേരാണ് ട്രാന്‍സിറ്റ് ഹോമിലുള്ളത്. സ്ത്രീകളെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമില്ലാത്തതിനാല്‍ ശ്രീലങ്കക്കാരായ രണ്ടുപേരെ പത്തനാപുരത്തുള്ള ഗാന്ധിഭവനിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

Full View

2022 നവംബര്‍ 21-നാണ് മയ്യനാട്ട് വാടകക്കെട്ടിടത്തില്‍ ട്രാന്‍സിറ്റ് ഹോം പ്രവര്‍ത്തനം തുടങ്ങിയത്. അനധികൃതമായി രാജ്യത്ത് പ്രവേശിപ്പിക്കുന്നവരെ പാര്‍പ്പിക്കലായിരുന്നു ലക്ഷ്യം.

ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സാമൂഹികനീതിവകുപ്പിലേക്ക് എത്തിയ ഒരു എസ്.ഐ.ക്കും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കുമാണ് ഹോമിന്റെ സുരക്ഷാചുമതല.

പാസ്‌പോര്‍ട്ട്-വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്തു തുടരുന്നവര്‍, ശിക്ഷാകാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്നവര്‍, പരോളില്‍ പോകുന്നവര്‍, സംരക്ഷണം ആവശ്യമുള്ളവര്‍ എന്നിവരെയാണ് ഹോമില്‍ പാര്‍പ്പിക്കുന്നത്.

തുടക്കത്തില്‍ വിവിധ കേസുകളില്‍പ്പെട്ടവരും ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെ എത്തിയവരുമായ 16 വിദേശികളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നടക്കമുള്ള 29 പേരുണ്ട്. വിസയിലെയും പാസ്‌പോര്‍ട്ടിലെയും യാത്രാരേഖകളിലെയും പ്രശ്‌നങ്ങള്‍ മാറ്റി ബന്ധുക്കള്‍ എത്തിക്കുന്ന മുറയ്ക്ക് വിദേശികളെ നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്.

5000 ചതുരശ്ര അടിയിൽ 5 വലിയ മുറികളോട് കൂടിയ ഇരുനില വാടകക്കെട്ടിടമാണ് ട്രാൻസിറ്റ് ഹോം ആയി പ്രവർത്തിക്കുന്നത്. ഔട്ട് ഹൗസ്, ഭക്ഷണശാല എന്നിവയും ഇവിടെയുണ്ട്. ഒരു ലക്ഷത്തിലേറെ രൂപയാണത്രെ പ്രതിമാസ വാടക. എസ്ഐ ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും കെയർടേക്കർ, ഹോം മാനേജർ, പാചകക്കാർ തുടങ്ങിയവരും ട്രാൻസിറ്റ് ഹോമിലുണ്ട്. 20 പേർക്ക് തങ്ങാനുള്ള നിലയിലാണ് ഇവിടെ സജ്ജീകരിച്ചതെങ്കിലും 29 പേർ ഇപ്പോഴുണ്ട്. പൊതുജനങ്ങൾക്കോ മാധ്യമങ്ങൾക്കോ ഇവിടേക്ക് പ്രവേശനമില്ല

Tags:    

Similar News