ജയശങ്കറിന്റെ ഇടപെടൽ: കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍
പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ…
;പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം സംസാരിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ളാഹിനുമായി സംസാരിച്ചുവെന്നും 17 ഇന്ത്യന്‍ ജീവനക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എസ്.ജയശങ്കര്‍ പറഞ്ഞിരുന്നു. മേഖലയില്‍ സംഘര്‍ഷം മൂര്‍ഛിക്കാതെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം ശനിയാഴ്ചയാണ് പിടിച്ചെടുത്തത്. നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. തൃശൂര്‍ സ്വദേശിയായ ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.
ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയന്‍-സ്വിസ് കമ്പനിയായ എംഎസ്സിയാണു കപ്പലിന്റെ നടത്തിപ്പ്. ഈ മാസം ഒന്നിന് ഡമാസ്‌കസിലെ കോണ്‍സുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തില്‍ ഇറാന്റെ 2 മുതിര്‍ന്ന ജനറല്‍മാര്‍ അടക്കം 7 സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇസ്രയേലിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു