എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അമിത അളവില്‍ കണ്ടെത്തി

ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല…

;

By :  Editor
Update: 2024-04-24 01:32 GMT

ഹോങ്കോങ്: ഭക്ഷ്യ സുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എം ഡി എച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ എവറസ്റ്റ് മസാലയുടെ മീന്‍ കറി മസാലയ്ക്കൊപ്പം മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ മസാല, മിക്‌സഡ് മസാല പൗഡര്‍ എന്നീ മൂന്ന് എംഡിഎച്ച് ഉല്‍പ്പന്നങ്ങളില്‍ പരിധിയില്‍ കവിഞ്ഞ എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ ഏജന്‍സി എഥിലീന്‍ ഓക്‌സൈഡിനെ ഗ്രൂപ്പ് 1 കാര്‍സിനോജന്‍ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. മനുഷ്യരില്‍ ഇത് കാന്‍സറിന് കാരണമാകുമെന്നാണ് ഇതിനര്‍ത്ഥം. എഥിലീന്‍ ഓക്‌സൈഡ് ഒരു കാര്‍ബണിക് സംയുക്തമാണ്. വ്യാവസായികമായി നിരവധി ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഉയര്‍ന്ന അളവിലുള്ള ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പതിവ് അന്വേഷണങ്ങളുടെ ഭാഗമായി, സിഎഫ്എസ് ഹോങ്കോങ്ങിലെ മൂന്ന് റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനി, എഥിലീന്‍ ഓക്‌സൈഡ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി സിഎഫ്എസ് വക്താവ് പറഞ്ഞു. എന്നാല്‍ ഇതേകുറിച്ച് എംഡിഎച്ച്, എവറസ്റ്റ് ഫുഡ്സ് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വില്‍പന നിര്‍ത്തി ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ കമ്പനികളോട്
നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ എഥിലീന്‍ ഓക്‌സൈഡ് പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തി സിംഗപ്പൂര്‍ ഫുഡ് ഏജന്‍സിയും (എസ്എഫ്എ) എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടിരുന്നു.

Tags:    

Similar News