മാഞ്ഞാലിൽ ഭീകരവിരുദ്ധ സ്ക്വാഡ് തോക്കുകൾ പിടികൂടിയ സംഭവം ; ഭീകരവിരുദ്ധ സ്ക്വാഡ് ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ !

കൊച്ചി ∙ ആലുവയ്ക്കടുത്ത് മാഞ്ഞാലിൽ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് തോക്കുകൾ പിടികൂടിയത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ടുള്ള വ്യാപക റെയ്ഡിന്റെ ഭാഗമായി.…

By :  Editor
Update: 2024-05-06 22:58 GMT

കൊച്ചി ∙ ആലുവയ്ക്കടുത്ത് മാഞ്ഞാലിൽ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് തോക്കുകൾ പിടികൂടിയത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ടുള്ള വ്യാപക റെയ്ഡിന്റെ ഭാഗമായി. തോക്കുകൾ പിടികൂടിയ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസ് (38) കൊലപാതക കേസിലടക്കം പ്രതിയും മുമ്പ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളുമാണ്.

തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റെയും വിവിധ ജില്ലാ പൊലീസ് സേനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിൽ‍ നടത്തിയ റെയ്ഡിലാണ് റിയാസ് പിടിയിലാകുന്നത്.

റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും രണ്ട് റിവോൾവറും രണ്ട് എയർ പിസ്റ്റളും 8.85 ലക്ഷം രൂപയും പിടികൂടി. റിയാസിനെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തോക്കിനും പണത്തിനും പുറമെ മുപ്പതോളം തിരകളും കത്തികളും കണ്ടെടുത്തു. വൈകിയും ഇയാളുടെ വീട്ടിൽ പരിശോധന തുടരുകയാണ്. അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടിൽ അല്‍ത്താഫിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റിവോൾവർ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയര്‍ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി.

അനസുമായി ബന്ധമുള്ള ഒരാൾ താമസിച്ചിരുന്ന തമിഴ്നാട്ടിലെ ആനമലയിലുള്ള വീട്ടിൽ ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ ഫ്ലാറ്റിലും നടത്തിയ റെയ്ഡിൽ ആനമലയിലെ വീട്ടിൽ നിന്നും ഒരു വടിവാൾ തമിഴ്നാട് പൊലീസ് കണ്ടെടുത്തു. അനസിന്റെ മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ കൈവശം അനധികൃതമായി തോക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാട്ടുള്ള ഒരു റിസോർട്ടിലും സുഹൃത്തിന്റെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുള്ള വീട്ടിലും ഭീകരവിരുദ്ധ സ്ക്വാഡ് തിരച്ചിൽ നടത്തി.

വയനാട്ടിലെ കൽപ്പറ്റ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനസും കൂട്ടാളികളും താമസിച്ചിരുന്ന റിസോർട്ടിന്റെ പിന്നിൽ തോക്കുകൾ കുഴിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയും പരിശോധന നടത്തിയിരുന്നു. ഇപ്പോൾ ഗൾഫിലുള്ള അനസിന്റെ അടുത്ത സുഹൃത്തായ പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പൻ എന്നയാളുടെ പെരുമ്പാവൂരിലുള്ള വീട്ടിലും പരിശോധന നടത്തി. റെയ്ഡ് വിവരം പുറത്തായതോടെ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണ്.

ആലുവ മാവിൻചുവട് മുബാറക്ക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റിയാസ്. 2019 ഡിസംബറിലാണ് റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ട് റിയാസ് ഉൾപ്പെടെയുള്ള സംഘം മുബാറക്കിനെ കുത്തിക്കൊലപ്പെടുത്തുന്നത്. മാളയിലെ ഒരാളിൽ നിന്നും റിയാസ് വാടകയ്ക്ക് എടുത്ത കാർ ഏറെക്കാലം കഴിഞ്ഞിട്ടും തിരികെ നൽ‍കിയില്ല. ഇതിനിടെ റിയാസ് അറിയാതെ മുബാറക് ഈ കാർ ഉടമസ്ഥന് തിരികെ നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ മുബാറകിനെയും സുഹൃത്ത് നാദിർഷയേയും റിയാസ് അടങ്ങുന്ന സംഘം മാവിൻചുവടിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വച്ചുണ്ടായ തർക്കത്തിനൊടുവിൽ പ്രതികൾ മുബാറകിനെ കൊലപ്പെടുത്തുകയായിരുന്നു.

ഒട്ടേറെ കേസുകളിൽ പ്രതിയായ റിയാസിനെതിരെ മുമ്പ് കാപ്പ ചുമത്തിയിരുന്നു. 2021ൽ ഷാർജയിൽ‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവത്തിൽ വന്നിറങ്ങിയ താജു തോമസ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയാണ് റിയാസ്. താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന രണ്ട് പേര്‍ ഇയാള്‍ വിളിച്ച പ്രീപെയ്ഡ് ടാക്‌സിയില്‍ ബലമായി കയറി. തുടർന്ന് വിമാനത്താവളത്തിനു പുറത്ത് പെട്രോള്‍ പമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവര്‍ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജില്‍ നിന്നും കണ്ടെത്തി.

ഈ കേസിൽ റിയാസിനൊപ്പം അറസ്റ്റിലായ ആലുവ കമ്പനിപ്പടി കോട്ടയ്ക്കകത്ത് വീട്ടില‍്‍ ഔറംഗസേബ് മുമ്പ് ഗുണ്ടാ നേതാവായ അനസിന്റെ സംഘത്തിൽ പ്രവർത്തിച്ചിരുന്നു. അടുത്തിടെ ഈ സംഘവുമായി തെറ്റിപ്പിരിഞ്ഞ ഔറംഗസേബ് അനസിനെതിരെ നിരവധി വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. പെരുമ്പാവൂർ സ്വദേശി ഉണ്ണിക്കുട്ടനെ മംഗലാപുരത്തുവച്ച് കഴുത്തറുത്ത കൊന്ന കേസിലെ പ്രതിയാണ് ഔംറംഗസേബ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഹവാല, കൊലപാതക ശ്രമം, ക്വട്ടേഷൻ അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ അനസ് കുറച്ചു കാലമായി ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നാണ് വിവരം. നേപ്പാള്‍ വഴി വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് അനസ് വിദേശത്തേക്ക് കടന്നതെന്ന് ഔംറഗസേബ് ആരോപിച്ചിരുന്നു. കേരളത്തില്‍ ഒട്ടേറെ പേരിൽനിന്ന് അനസും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ചെന്നും ഈ പണമുപയോഗിച്ച് ദുബായിൽ സൂപ്പര്‍ മാർക്കറ്റ് തുടങ്ങിയിട്ടുണ്ടെന്നും ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു.
അനസ് ദുബായിൽ ആരംഭിച്ചതെന്ന് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സമൂഹമാധ്യമത്തിൽ അടക്കം വലിയ പിന്തുണക്കാരാണ് അനസിനുള്ളത്. ആഡംബര കാറുകളിൽ കൂട്ടാളികളുടെ വലിയ സംഘത്തിനൊപ്പം സഞ്ചരിക്കുകയും ഇത് ഫോട്ടോഷൂട്ട് നടത്തി റീൽസ് ഇറക്കുകയും ചെയ്താണ് അനസ് ചെറുപ്പക്കാരെ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്.

Similar News