ലോകകപ്പ് യോഗ്യത: ഇന്ത്യയ്ക്ക് ഇന്ന് കുവൈത്തിനെതിരെ ജീവന്മരണ പോരാട്ടം
കൊൽക്കത്ത: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ ചെറിയ സാധ്യത നിലനിൽക്കുന്ന ഇന്ത്യക്ക് കുവൈത്തിനെതിരെ ജീവന്മരണ പോരാട്ടം. ടീം കടമ്പ കടന്നാലും ഇല്ലെങ്കിലും ഒരിക്കൽക്കൂടി…
;കൊൽക്കത്ത: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ ചെറിയ സാധ്യത നിലനിൽക്കുന്ന ഇന്ത്യക്ക് കുവൈത്തിനെതിരെ ജീവന്മരണ പോരാട്ടം. ടീം കടമ്പ കടന്നാലും ഇല്ലെങ്കിലും ഒരിക്കൽക്കൂടി രാജ്യത്തിനായി ബൂട്ടുകെട്ടാൻ 40 വയസ്സിനരികിലെത്തിയ ഛേത്രിയുണ്ടാവില്ല. ജയത്തോടെ പ്രിയ നായകന് യാത്രയയപ്പ് നൽകാൻ ആഗ്രഹിക്കുകയാണ് ടീം ഇന്ത്യ. രാത്രി ഏഴ് മുതലാണ് മത്സരം.
ഐ.പി.എല്ലിൽ മിന്നും പ്രകടനം നടത്തിയ ലലിൻസുവാല ചാങ്തെയിലും വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. പ്രതിരോധത്തിലെ കുന്തമുന സന്ദേശ് ജിങ്കാന്റെ അഭാവത്തിൽ രാഹുൽ ഭേകെ, അൻവർ അലി, സുഭാഷിഷ് ബോസ് എന്നിവരുടെ ഉത്തരവാദിത്തം വർധിക്കുന്നുണ്ട്. മധ്യനിരക്കാരൻ സഹൽ അബ്ദുൽ സമദാണ് ടീമിലെ ഏക മലയാളി.
2003 ജൂലൈയിൽ ബംഗളൂരുവിൽ നടന്ന സാഫ് കപ്പ് ഫൈനലിൽ കുവൈത്തിനെ തോൽപിച്ചാണ് ഛേത്രിയും സംഘവും കിരീടം നിലനിർത്തിയത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ആദ്യമത്സരം കുവൈത്തിനെതിരെയായിരുന്നു. അവരുടെ മണ്ണിൽവെച്ച് മൻവീർ സിങ് നേടിയ ഏക ഗോളിൽ ജയമാഘോഷിച്ചു. പക്ഷേ, ഹോം മത്സരങ്ങളിൽ ഖത്തറിനോടും അഫ്ഗാനിസ്താനോടും തോറ്റു. അഫ്ഗാനെതിരായ എവേ മത്സരത്തിൽ സമനിലയും.
ആറ് മത്സരങ്ങളാണ് രണ്ടാം റൗണ്ടിലുള്ളത്. നാലെണ്ണം പൂർത്തിയായപ്പോൾ ഖത്തർ സമ്പൂർണ ജയവുമായി 12 പോയന്റോടെ മൂന്നാം റൗണ്ട് ഉറപ്പാക്കി. ശേഷിക്കുന്ന ബെർത്തിനായി രണ്ടുമുതൽ നാലുവരെ സ്ഥാനക്കാരായ ഇന്ത്യയും (4) അഫ്ഗാനിസ്താനും (4) കുവൈത്തും (3) ഒരുപോലെ രംഗത്തുണ്ട്. കുവൈത്തിനോട് ജയിച്ചാൽ ഇന്ത്യക്ക് ഏഴ് പോയന്റാവും. പിന്നെ നേരിടാനുള്ളത് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ്.
ജൂൺ 11ന് ദോഹയിലാണ് മത്സരം. ആ കളിയിൽ സമനിലപോലും ഇന്ത്യയെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇന്ന് ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ മുന്നേറാമെന്ന പ്രതീക്ഷ കുവൈത്തിനുണ്ട്. അഫ്ഗാനെതിരെയാണ് അവരുടെ അവസാന കളി. അതാവട്ടെ ഹോം മാച്ചും. എവേയിൽ 4-0ത്തിന് അഫ്ഗാനെ തകർത്തിട്ടുണ്ട് കുവൈത്ത്.
സാധ്യത ഇലവൻ
ഇന്ത്യ: ഗുർപ്രീത് സിങ് സന്ധു, നിഖിൽ പൂജാരി, സുഭാഷിഷ് ബോസ്, അൻവർ അലി, ജയ് ഗുപ്ത, ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ, നവോറെം മഹേഷ് സിങ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലാലിൻസുവാല ചാങ്തെ, സുനിൽ ഛേത്രി.
കുവൈത്ത്: സുലൈമാൻ അബ്ദുൾ ഗഫൂർ, റാഷിദ് അൽ-ദോസരി, ഖാലിദ് അൽ ഇബ്രാഹിം, ഹസൻ അൽ എനെസി, സൽമാൻ ബോർമിയ, ഈദ് അൽ റഷീദി, ഹമദ് അൽ ഹർബി, ഫൈസൽ സായിദ്, അസ്ബി ഷെഹാബ്, മുഹമ്മദ് ദഹം, യൂസഫ് നാസർ.