കാലിക്കറ്റ് എഫ്സിക്ക് കിക്കോഫ്, കോഴിക്കോട് ആസ്ഥാനമായി ഒരു പ്രഫഷനൽ ഫുട്ബോൾ ക്ലബ് കൂടി
കാൽപ്പന്തിന്റെ പറുദീസയായ കോഴിക്കോടിന് സ്വന്തമായൊരു പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബ് കൂടി യാഥാർഥ്യമായി. കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (കാലിക്കറ്റ് എഫ്സി) പ്രഖ്യാപനം ടീമിന്റെ ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പ്…
കാൽപ്പന്തിന്റെ പറുദീസയായ കോഴിക്കോടിന് സ്വന്തമായൊരു പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബ് കൂടി യാഥാർഥ്യമായി. കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (കാലിക്കറ്റ് എഫ്സി) പ്രഖ്യാപനം ടീമിന്റെ ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനുമായ വി.കെ.മാത്യൂസ് നിർവഹിച്ചു.
ക്ലബ്ബിന്റെ ലോഗോ എം.കെ.രാഘവൻ എംപി പ്രകാശനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) പ്രസിഡന്റ് നവാസ് മീരാൻ ലോഗോ സ്വീകരിച്ചു.സെപ്റ്റംബർ ഒന്നിനു തുടങ്ങുന്ന സൂപ്പർ ലീഗ് കേരള (എസ്എൽകെ) ടൂർണമെന്റിലാണ് കാലിക്കറ്റ് എഫ്സി ഏറ്റുമുട്ടാനൊരുങ്ങുന്നത്.
ടീമിലെ 25 കളിക്കാരിൽ 6 പേർ വിദേശ താരങ്ങളാണ്. 7 പേർ ദേശീയതാരങ്ങളും. കേരളത്തിൽ നിന്നുള്ള 12 പേരും ടീമിലുണ്ടാവും. ഹെഡ് കോച്ച് വിദേശത്തു നിന്നായിരിക്കും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. ഐഎസ്എലിനു സമാനമായ രീതിയിലാണ് സൂപ്പർ ലീഗ് കേരള നടക്കുന്നത്. പ്രാഥമിക റൗണ്ടിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫിൽ എത്തും.
കോഴിക്കോട് ഒരു അന്തര്‍ദേശീയ ഫുട്ബോള്‍ സ്റ്റേഡിയമെന്ന സ്വപ്നം ഇപ്പോഴും സജീവമാണെന്ന് എം കെ രാഘവന്‍ പറഞ്ഞു. വി കെ മാത്യൂസിനെപ്പോലുള്ള സംരംഭകരുടെ സഹകരണം ഈ ഉദ്യമത്തിന് ആവശ്യമാണ്. പൊതു-സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഇത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.