പിഷാരടി ചീത്ത പറഞ്ഞു: രണ്ടാമതു വിവാഹം കഴിക്കാൻ കാരണമുണ്ട്: ആ രഹസ്യം വെളിപ്പെടുത്തി ധർമജൻ
വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ ധർമജൻ തീരുമാനിച്ചത്. പതിനാറു…
വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ ധർമജൻ തീരുമാനിച്ചത്.
പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് തങ്ങളെന്നും അന്നത്തെ സാഹചര്യത്തിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതാണെന്നും ധർമജൻ പറഞ്ഞു. അന്ന് റജിസ്ട്രേഷനെക്കുറിച്ച് വലിയ തോന്നൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികൾ ഒരാൾ പത്തിലും ഒരാൾ ഒൻപതിലുമായി. വൈഗയും വേദയും. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്നു മാത്രമല്ല റജിസ്റ്ററും ചെയ്തു.
റെക്കോർഡിക്കൽ ആയി നമുക്കൊരു േരഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ ഇതില്ലെങ്കില്‍ പ്രശ്നമാകും. അല്ലാതെ ആളുകളുടെ മുമ്പിൽ ഇതു ചെയ്യാൻ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്ത കല്യാണമാണ്. കുട്ടികൾക്കും വലിയ സന്തോഷമായി.
അന്ന് ഞങ്ങളുടെ വിവാഹത്തിന് എന്റെ വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു. ഇന്ന് രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
രാവിലെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഭാര്യ വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ എന്നു പറഞ്ഞ്. കല്യാണം ആയിട്ട് എന്താടാ എന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ വിളിച്ചത് സംവിധായകൻ ബോബൻ സാമുവൽ ആണ്. പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്കു വേണ്ടി ചെയ്ത കാര്യമല്ല. പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, ‘‘നീ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ലേ, ചത്തുപോയാൽ അവൾക്ക് ഇൻഷുറൻസ് പോലും കിട്ടില്ലെന്നു പറഞ്ഞു. അതൊക്കെ ഇതിൽ ബാധകമാണ്.
ഇങ്ങനെയുള്ള രേഖ വയ്ക്കുന്നത് നല്ലതാണ്. ഈ വിവാഹം മറ്റുള്ളവർക്കും പ്രചോദനമാകണമെന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും എല്ലാവരും വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യണം. എന്റെ ചില കൂട്ടുകാരൊക്കെ ഇപ്പോഴും ചെയ്തിട്ടില്ല. അവരോടൊക്കെ പറയാനുള്ളത്, എത്രയും വേഗം ചെയ്യണം എന്നതാണ്.’’–ധർമജന്റെ വാക്കുകൾ.