46 മണിക്കൂറിന് ശേഷം ജീവനറ്റ ജോയിയെ കണ്ടെത്തി ; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ - മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന്…
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്.
മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും.
ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടർന്നിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും സ്കൂബ സംഘവും തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊന്തിയതായി വിവരം ലഭിച്ചത്. ഇതിനു പിന്നാലെ പൊലീസും ഫയർഫോഴ്സും അങ്ങോട്ടേക്ക് തിരിച്ചിരുന്നു.