സംഗീതത്തോട് ഏറെ ബഹുമാനമാണ്: ട്രോളന്മാരോട് ജഗദീഷിന് പറയാനുള്ളത്
ഏഷ്യനെറ്റ് കോമഡി സ്റ്റാഴ്‌സിലെ പ്രധാന വിധി കര്‍ത്താക്കളില്‍ ഒരാളായ നടന്‍ ജഗദീഷിന് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ മോശം പേരാണ്. ഷോയ്ക്കിടെ ജഗദീഷിന് വിനയാകുന്നത് അദ്ദേഹം ആലപിക്കുന്ന ഗാനം…
ഏഷ്യനെറ്റ് കോമഡി സ്റ്റാഴ്‌സിലെ പ്രധാന വിധി കര്‍ത്താക്കളില്‍ ഒരാളായ നടന്‍ ജഗദീഷിന് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ മോശം പേരാണ്. ഷോയ്ക്കിടെ ജഗദീഷിന് വിനയാകുന്നത് അദ്ദേഹം ആലപിക്കുന്ന ഗാനം തന്നെയാണ്. 'കബാലി'യും, 'ബാഹുബലി'യുമൊക്കെ പെര്‍ഫോം ചെയ്തു പാടി ജഗദീഷ് പ്രേക്ഷകരെ വെറുപ്പിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ആരോപണം.
ജഗദീഷിന്റെ പ്രകടനത്തെ ട്രോളര്‍മാര്‍ ഏറ്റെടുക്കാറുണ്ട്, അളവറ്റ രീതിയില്‍ പരിഹസിക്കാറുമുണ്ട്, എന്നാല്‍ സമൂഹത്തിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയാക്കാവുന്ന നല്ല ശീലങ്ങള്‍ ജഗദീഷിലുണ്ട്.
സ്വന്തം സ്വഭാവ വിശേഷങ്ങള്‍ ചെണ്ടകൊട്ടി അറിയിക്കുന്നത് നല്ല രീതിയില്ല എന്ന് വിവരിച്ചു കൊണ്ടാണ് ഒരു ചാനല്‍ ഷോയില്‍ തന്റെ സ്വഭാവ വിശേഷത്തെക്കുറിച്ചു ജഗദീഷ് പങ്കുവെച്ച് തുടങ്ങിയത്. എന്നാലും തന്നിലെ ഗുണങ്ങള്‍ ചില യുവാക്കള്‍ക്കെങ്കിലും ഉപകരിക്കട്ടെയെന്നും പ്രചോദനമായി മാറട്ടെ എന്നും ജഗദീഷ് പറയുന്നു.
'നാളിതുവരെ പുകവലിയോ മദ്യാപാന ശീലമോ എനിക്ക് ഇല്ല'. ജഗദീഷ് ഇത് പറയുന്നതിനിടയില്‍ ഷോയ്ക്കിടെ ജഗദീഷിനൊപ്പം അതിഥിയായി എത്തിയ മണിയന്‍പിള്ള രാജു ഇടയ്ക്ക് കയറി സംസാരിച്ചു, 'ഞാന്‍ ജഗദീഷിനെ കാണാന്‍ തുടങ്ങിയിട്ട് വളരെയധികം വര്‍ഷങ്ങളായി. ഇന്ന് ഇതുവരെ ജഗദീഷിന്റെ വായില്‍ നിന്ന് ഒരു മോശം വാക്ക് വരുന്നത് ഞാന്‍ കണ്ടിട്ടില്ല, 'പോടാ പുല്ലേ' എന്ന് പോലും ജഗദീഷ് പറയാറില്ല'.അതൊക്കെ അധ്യാപകരായ തന്റെ അച്ഛന്റെയും അമ്മയുടെയും ഗുണമാണെന്ന് ജഗദീഷ് മറുപടി നല്‍കുന്നു.
താന്‍ പാട്ട് പാടിയതിന് തന്നെ ട്രോളുന്നവരോടും ജഗദീഷിന് ടിപ്പിക്കല്‍ ശൈലിയില്‍ മറുപടിയുണ്ട്.
'സംഗീതത്തോട് തനിക്ക് ഏറെ ബഹുമാനമാണ്. എം.ജി ശ്രീകുമാറിനോടൊക്കെ ഞാന്‍ പറയാറുണ്ട്. 'ശ്രീക്കുട്ടാ നിങ്ങള്‍ക്കൊക്കെ എന്നേക്കാളും പതിന്മടങ്ങ് കഴിവ് കാണും. പക്ഷെ സംഗീതത്തോടുള്ള ഭക്തി എനിക്ക് നിങ്ങളെക്കാളും കൂടുതലാണ്'. ട്രോള്‍ എല്ലാം വളരെ ആത്മവിശ്വസത്തോടെ ഞാന്‍ നേരിടാറുണ്ട്, എനിക്ക് നാല് വരി അറിയാവുന്ന ആയിരകണക്കിന് പാട്ടുകളുണ്ട്. ഒരു വരി മൂളാന്‍ കഴിയുന്നവരോട് പോലും എനിക്ക് വലിയ ആദരവും ബഹുമാനവുമൊക്കെയുണ്ട്, കാരണം സംഗീതം എന്ന് പറയുന്നത് ഗ്രേറ്റ് ആണ്'