എഴുത്തിന്റെ കുലപതിക്കു വിട; എം.ടി.വാസുദേവൻ നായർ അന്തരിച്ചു
മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെ ബേബി മെമ്മേറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി.
തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.
1933 ൽ പൊന്നാനിയിലെ കൂടല്ലൂരിലാണ് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽവച്ചുതന്നെ എഴുത്തു തുടങ്ങി. ജ്യേഷ്ഠൻ എം.ടി.നാരായണൻ നായർ, സ്കൂളിലെ സീനിയറും അയൽനാട്ടുകാരനുമായ അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരുടെ സ്വാധീനം എംടിയെ വായനയിലും എഴുത്തിലും വഴി കാട്ടി. ആദ്യകാലത്ത് കവിതയാണ് എഴുതിയിരുന്നത്. പിന്നീട് ഗദ്യത്തിലേക്കു വഴിമാറി.
വിക്ടോറിയയിലെ പഠനകാലത്ത് വായനയും എഴുത്തും ലഹരിയായി. ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ കഥാസമാഹാരം അക്കാലത്താണു പ്രസിദ്ധീകരിച്ചത്. 1954-ൽ നടന്ന ലോകചെറുകഥാ മൽസരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാമതെത്തിയതോടെ എംടി ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.