ഇടുക്കി കൂട്ടക്കൊല: ഒരാള്‍ അറസ്റ്റില്‍
ഇടുക്കി: വണ്ണപ്പുറം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ റിപ്പര്‍ മോഡലില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബന്ധുക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേരെ പൊലീസ് ഇന്നലെയും ഇന്നുമായി ചോദ്യംചെയ്ത് വിട്ടയച്ചു. ജില്ലാ പൊലീസ് മേധാവി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. അയല്‍വാസികളടക്കം അമ്ബതിലധികം പേരെ തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസ് ചോദ്യം ചെയ്തുകഴിഞ്ഞു.
കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.കേസിന്റെ അന്വേഷണം കൃഷ്ണന്റെ ഡയറി കേന്ദ്രീകരിച്ചാണ് നടത്തുന്നത്. വീട്ടില്‍ നിന്ന് കണ്ടെത്തിയ നാലു മൊബൈല്‍ ഫോണുകള്‍ നിര്‍ണായകമാവും. കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നതിന്റെ വിശദവിവരങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ടാവാം. ഇതുവച്ചാവും പൊലീസ് അന്വേഷണം തുടരുക. കൂടാതെ മൊബൈലില്‍ കൃഷ്ണന്‍ വിളിച്ചവരെയും തിരിച്ചു വിളിച്ചവരുടെയും ലിസ്റ്റ് പൊലീസ് ശേഖരിക്കും. ഇതില്‍നിന്നും കേസില്‍ വ്യക്തമായ സൂചനകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൊലചെയ്യപ്പെട്ട ബി.എഡ് വിദ്യാര്‍ത്ഥിനിയായിരുന്ന ആര്‍ഷ ഞായറാഴ്ച രാത്രി 11.30വരെ വാട്ട്‌സാപ്പ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആരുമായാണ് ചാറ്റ് ചെയ്തതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
ആഭിചാര ക്രിയകള്‍ നടത്തുന്നതിന് കൃഷ്ണന്‍ വന്‍തുകയാണ് പ്രതിഫലം വാങ്ങിയിരുന്നത്. സാധാരണ 50,000 രൂപയാണ് വാങ്ങിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വീടുകളില്‍ പോയി പൂജകള്‍ ചെയ്യുന്നതിന് ഇതിന്റെ ഇരട്ടിതുകവരെ വസൂലാക്കിയിരുന്നു. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടില്‍ പോയും ഇയാള്‍ പൂജകള്‍ നടത്തിയിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓഡി, ബെന്‍സ് കാറുകളില്‍ ആളുകള്‍ ഇവിടെ എത്തിയിരുന്നതായി അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ സൂചനകള്‍ വച്ച് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചേക്കും.