സുപ്രീം കോടതി ജഡ്ജിയായി കെ. എം ജോസഫ് തിങ്കളാഴ്ച സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ. എം ജോസഫ് തിങ്കളാഴ്ച സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേല്‍ക്കും. നിയമന ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.

നേരത്തേ, കേന്ദ്രസര്‍ക്കാര്‍ കൊളീജിയം ശുപാര്‍ശ തിരിച്ചയച്ചിരുന്നു. ഇതേതുടര്‍ന്ന്, ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എട്ട് മാസം നീണ്ട എതിര്‍പ്പിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ അംഗീകരിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെക്കൂടാതെ ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവരുമുള്‍പ്പെട്ട കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തിരുന്നത്. ജസ്റ്റിസ് ജോസഫിന്റെ പേര് പ്രത്യേകമായാണു ശുപാര്‍ശ ചെയ്തിരുന്നത്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും.

ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ജനുവരിയിലാണ് കൊളീജിയം ആദ്യമായി ശിപാര്‍ശ ചെയ്തത്. എന്നാല്‍ ജോസഫിനൊപ്പമുണ്ടായിരുന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര അടക്കമുള്ളവരുടെ നിയമനക്കാര്യം കേന്ദ്രം പിന്നീട് അംഗീകരിച്ചു. ഏപ്രില്‍ മാസത്തില്‍ ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രം കൊളീജിയത്തിന് തന്നെ മടക്കി അയച്ചു.

ജോസഫിനെക്കാള്‍ മുതിര്‍ന്ന ജഡ്ജിമാരുണ്ട്, സുപ്രീം കോടതിയില്‍ കേരള ഹൈക്കോടതിയുടെ പ്രാതിനിധ്യം വര്‍ധിക്കും തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഇവയൊന്നും അംഗീകരിക്കാനാകുന്നതല്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോസഫിന്റെ കാര്യത്തില്‍ കൊളീജിയം ഉറച്ച് നിന്നു. ഇതോടെ കേന്ദ്ര നിയമ മന്ത്രാലയം വഴങ്ങുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story