
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്: ഫയലുകള്‍ കാണാതായത് കോര്‍ട്ട് ഓഫീസര്‍മാരുടെ ഗുരുതര വീഴ്ചയാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
August 4, 2018കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ കോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.
ഹൈക്കോടതിയിലെ രണ്ടു കോര്‍ട്ട് ഓഫീസര്‍മാരുടെ വീഴ്ചയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് രജിസ്ട്രാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് വിജിലന്‍സിന് കൃത്യമായ വിശദീകരണം പോലും നല്‍കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെയാണ് ഫയലുകള്‍ കാണാതായതെന്ന നിഗമനത്തിലാണ് വിജിലന്‍സ് എത്തിയിരിക്കുന്നത്.
ഫയലുകള്‍ കാണാതായ സാഹചര്യത്തില്‍ ഫയല്‍ നീക്കം രേഖപ്പെടുത്താന്‍ പുതിയ സംവിധാനം വേണമെന്നും വിജിലന്‍സ് രജിസ്ട്രാര്‍ ചീഫ് ജസ്റ്റീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഫയല്‍ നീക്കം സുതാര്യമാക്കാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസിലെ മൂന്ന് സെറ്റ് ഫയലുകളാണ് ഹൈക്കോടതിയില്‍ നിന്നും കാണാതായത്. ജസ്റ്റീസ് സുരീന്ദ്രകുമാറാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.