2017 മോഡല്‍ 390 ഡ്യൂക്കുകളെ കമ്പനി തിരിച്ചുവിളിക്കുന്നു
പരസ്യമായുള്ള തിരിച്ചുവിളിക്കല്‍ നടപടികള്‍ മോഡലിന്റെ പ്രചാരം കുറയ്ക്കുമോയെന്ന് കെടിഎം ആശങ്കപ്പെടുന്നതിനാല്‍ മണ്‍സൂണ്‍ കിറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി 390 ഡ്യൂക്കുകളെ കമ്പനി തിരിച്ചുവിളിക്കുന്നു.
2017 മോഡല്‍ 390 ഡ്യൂക്കില്‍ പ്രശ്‌നസാധ്യത മുന്‍നിര്‍ത്തി ബൈക്കിനെ കമ്പനി നിശബ്ദമായാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. നിര്‍മ്മാണ തകരാര്‍ സൗജന്യമായി പരിഹരിക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് രണ്ടാം തലമുറ 390 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ കൊണ്ടുവന്നത്.
മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് മണ്‍സൂണ്‍ കിറ്റിന്റെ ലക്ഷ്യം. 390 ഡ്യൂക്കില്‍ ഉടമകള്‍ നിരന്തരം പരാതിപ്പെടുന്ന ഹെഡ്‌ലാമ്പ് വിറയലിന് ഇത്തവണ കമ്പനി പരിഹാരം കണ്ടെത്തും. കൂടാതെ ഇസിയു ബ്രാക്കറ്റും പിന്‍ സീറ്റിലെ ബുഷിങ്ങുകളും കെടിഎം ഡീലര്‍ഷിപ്പുകള്‍ മാറ്റി നല്‍കും.
പിന്‍ സീറ്റ് ബുഷിങ്ങുകള്‍ മാറിയാല്‍ ടെയില്‍ലാമ്പില്‍ അനുഭവപ്പെടുന്ന അമിതഭാരം കുറയും. മണ്‍സൂണ്‍ ഫിറ്റ്‌മെന്റ് കിറ്റിലൂടെ ഭേദപ്പെട്ട റൈഡിംഗ് കാഴ്ചവെക്കാന്‍ 390 ഡ്യൂക്കിന് കഴിയുമെന്നു സാരം.
നേരത്തെ 390 ഡ്യൂക്കിന്റെ ഡിജിറ്റല്‍ ഇന്‍സ്‌ട്രെന്റ് ക്ലസ്റ്ററിലെ സാങ്കേതിക തകരാര്‍ വിപണിയിലേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ധനച്ചോര്‍ച്ച, ഫ്യൂവല്‍ ഫില്‍ട്ടറുകളുടെ നിര്‍മ്മാണപ്പിഴവ്, ബാറ്ററി സംവിധാനങ്ങളിലെ പാകപ്പിഴവുകളെല്ലാം രണ്ടാംതലമുറ 390 ഡ്യൂക്കിന്റെ തുടക്കകാലത്തു ഉയര്‍ന്നുകേട്ട പരാതികളാണ്. എന്നാല്‍ ഉടമകളുടെ സുരക്ഷ മുന്‍നിര്‍ത്തി കെടിഎം തന്നെ മുന്‍കൈയ്യെടുത്തു ഈ പരാതികളെല്ലാം പരിഹരിച്ചു. 2.40 ലക്ഷം രൂപയാണ് കെടിഎം 390 ഡ്യൂക്കിന് വിപണിയില്‍ വില.