വിദ്യാര്‍ഥികള്‍ക്കായി ഐഎസ്ആര്‍ഒ ടിവി ചാനല്‍ തുടങ്ങുന്നു

ബെംഗളൂരു: വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിനിവേശം വളര്‍ത്തിയെടുക്കുന്നതിനായി ഐഎസ്ആര്‍ഒയുടെ ടിവി ചാനല്‍ മൂന്നു നാലു മാസത്തിനകം തുടങ്ങും. കുഗ്രാമങ്ങളില്‍പോലും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി. യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'നാസ'…

ബെംഗളൂരു: വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിനിവേശം വളര്‍ത്തിയെടുക്കുന്നതിനായി ഐഎസ്ആര്‍ഒയുടെ ടിവി ചാനല്‍ മൂന്നു നാലു മാസത്തിനകം തുടങ്ങും. കുഗ്രാമങ്ങളില്‍പോലും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി. യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'നാസ' സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന പോലെ ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രവും നേരില്‍ കണ്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും.

എട്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുമാസത്തെ പദ്ധതി പരിഗണനയിലാണ്.

മാസത്തില്‍ രണ്ടു വീതം ഉപഗ്രഹങ്ങള്‍ അടുത്ത രണ്ട് വര്‍ഷം ഐഎസ്ആര്‍ഒ വിക്ഷേപിക്കും. രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ഇതില്‍നിന്നു വലിയ നേട്ടമുണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ പറഞ്ഞു.

സമൂഹത്തിലെ അസമത്വങ്ങള്‍ തുടച്ചുനീക്കുന്നതിന്, വിക്രം സാരാഭായി ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതായി ഡോ.ശിവന്‍ പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശരംഗത്തിന്റെ പിതാവായ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പിന്തുടര്‍ന്നാണു രാജ്യം ഈ രംഗത്തു നേട്ടങ്ങള്‍ കൊയ്തതെന്നും അദ്ദേഹം പറഞ്ഞു.

1947ല്‍ അഹമ്മദാബാദില്‍ വിക്രം സാരാഭായി സ്ഥാപിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണ് പിന്നീട് ഐഎസ്ആര്‍ഒ ആയത്. അടുത്ത ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന വിക്രം സാരാഭായ് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 100 ശാസ്ത്രജ്ഞരുടെ പ്രഭാഷണം സംഘടിപ്പിക്കും.

ഐഎസ്ആര്‍ഒ വിജ്ഞാന സെന്ററുകളും ബഹിരാകാശ ക്ലബുകളും സ്ഥാപിക്കുന്നതിനൊപ്പം സ്‌പെയ്‌സ് ഇന്നവേഷന്‍ പുരസ്‌കാരവും ഏര്‍പ്പെടുത്തും. ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 50 കോടിയോളം രൂപ ചെലവിട്ട് ഐഎസ്ആര്‍ഒ ആറ് ഇന്‍ക്യുബേഷന്‍ കേന്ദങ്ങള്‍ സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story