പ്രളയക്കെടുതി: കൃത്രിമ ഭക്ഷ്യക്ഷാമം സൃഷ്ടിക്കാന്‍ വ്യാപക ശ്രമം

തൊടുപുഴ: മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ കൃത്രിമ ഭക്ഷ്യക്ഷാമം സൃഷ്ടിക്കാന്‍ വ്യാപക ശ്രമം. ഇതോടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. മഴ മാറിയതോടെ ആളുകള്‍ കൂട്ടമായെത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി സൂക്ഷിക്കുന്നതിനെത്തുടര്‍ന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വന്‍തോതില്‍ സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനാലും ക്ഷാമം നേരിടുമെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.

തൊടുപുഴ, കട്ടപ്പന, അടിമാലി, ചെറുതോണി മേഖലകളില്‍ ചുരുക്കംചില വ്യാപാരികള്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിന് മടികാണിക്കുന്നതായി പരാതിയുണ്ട്. ചിലര്‍ ഇരട്ടിയിലേറെ തുക ഈടാക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. കട്ടപ്പന, തൊടുപുഴ മേഖലകളില്‍നിന്നാണ് കൂടുതല്‍ പരാതി ഉയര്‍ന്നിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിക്ക് തൊടുപുഴ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെയ്ക്കുന്നതായോ സാധനങ്ങള്‍ക്കു അമിത വില ഈടാക്കുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് അവര്‍ അറിയിച്ചു. ഇവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഗതാഗതം പഴയപടിയാക്കാത്തതിനാല്‍ ലോഡെത്താത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നും വരുംദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും വ്യാപാരികള്‍ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story