കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
കൊല്ലം: കേരളത്തെ പ്രളയം വിഴുങ്ങുമ്പോള്‍ രക്ഷയ്ക്കായി പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു നന്ദിസൂചകമായി മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള കടാശ്വാസപദ്ധതി പരിഗണനയിലാണ്.
മല്‍സ്യത്തൊഴിലാളികള്‍ 2014നു മുന്‍പ് മല്‍സ്യഫെഡ് വഴി എടുത്ത വായ്പകളില്‍ 49.55 കോടി രൂപയാണ് കുടിശികയായുള്ളത്.ഇതില്‍ 37.17 കോടി മുതലും 6.91 കോടി പലിശയും 5.47 കോടി പിഴപ്പലിശയുമാണ്.
വിവിധ വിഭാഗങ്ങളായി തിരിച്ച് പിഴയും പിഴപ്പലിശയുമടക്കം ഇളവു ചെയ്തു നല്‍കാനാണു മല്‍സ്യഫെഡ് സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ.
പിഴപ്പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ബാക്കി മല്‍സ്യഫെഡ് ഏറ്റെടുക്കുമെന്നു ചെയര്‍മാന്‍ പി.പി ചിത്തരഞ്ജനും പറഞ്ഞു.
ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കാണു മുന്‍ഗണന നല്‍കുക. രോഗികള്‍ക്കും വൃദ്ധര്‍ക്കും പ്രത്യേക പരിഗണന കിട്ടും.