ആരാധകരെ തേടി ജയിംസ് ബോണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 തിരിച്ചു വരുന്നു

മെഷീന്‍ ഗണ്ണും തോക്കും ബോബും നിറഞ്ഞാടുന്ന ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കി കുതിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളെ കണ്ടാലും കണ്ടാലും മതിവരില്ല. സിനിമപ്രേമികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ കാറാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5. വര്‍ഷം 2018 ല്‍ എത്തിനില്‍ക്കുമ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ നിന്നുള്ള DB5 ന് ലഭിക്കുന്ന വന്‍പ്രചാരം മുന്‍നിര്‍ത്തി ക്ലാസിക് കാറിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍.

1964 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ഗോള്‍ഡ്ഫിംഗറിലൂടെ ആരാധകര്‍ പരിചയപ്പെട്ട ഐതിഹാസിക ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂററാണ് വീണ്ടും ഉത്പാദനത്തിന് സജ്ജമാകുന്നത്. ജയിംസ് ബോണ്ട് ഉപയോഗിച്ച DB5 ഗ്രാന്‍ഡ് ടൂററിനെ അനുകരിച്ച് എല്ലാവിധ ആധുനിക സംവിധാനങ്ങളും സൂത്രവിദ്യകളും പുതിയ മോഡലുകള്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം ആയുധ സംവിധാനങ്ങള്‍ ഉണ്ടാകില്ല.

കാലഘട്ടത്തെ വിസ്മയിപ്പിച്ച റേഡിയോ ടെലിഫോണ്‍, പാസഞ്ചര്‍ സീറ്റ് ഇജക്ഷന്‍ സ്വിച്ച്, ബട്ടണമര്‍ത്തിയാല്‍ നീളുന്ന തോക്കിന്‍ കുഴലുകള്‍, കറങ്ങിമറിയുന്ന നമ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ കാറുകളില്‍ ഇടംപിടിക്കില്ലെന്നര്‍ത്ഥം.

4.0 ലിറ്റര്‍ സ്‌ട്രെയിറ്റ് സിക്‌സ് എഞ്ചിന്‍ തന്നെ പുതിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂററുകളിലും തുടരും. എഞ്ചിന് 282 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ZF ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലെത്തുക. ലോകത്താകെ 1059 ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 മോഡലുകള്‍ മാത്രമാണ് ഇന്നുവരെ കമ്പനി വിറ്റിട്ടുള്ളത്. 1963 മുതല്‍ 1965 വരെയാണ് കാര്‍ വിപണിയില്‍ വില്‍പനയ്ക്ക് വന്നിരുന്നതും.

ലിമിറ്റഡ് എഡിഷനായതുകൊണ്ടു 2.75 മില്യണ്‍ പൗണ്ടോളം പുതിയ മോഡലുകള്‍ക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വില നിശ്ചയിക്കുമെന്നാണ് സൂചന.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story