പ്രളയശേഷം ഭീഷണിയായി മാലിന്യങ്ങള്‍
ആലപ്പുഴ: പ്രളയം തള്ളിയ മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് അധികൃതര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. ജില്ലയിലെ ശുചീകരണം പൂര്‍ത്തിയാകുമ്പോള്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ എത്രയുണ്ടാവുമെന്നു നിശ്ചയമില്ല. മാലിന്യ സംസ്‌കരണത്തിനു മുന്‍പു രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി വഴി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു കൈമാറാനാണു നിലവിലെ തീരുമാനം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ പലയിടത്തായി മാലിന്യം ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ ചെങ്ങന്നൂരിലും ആലപ്പുഴയിലും തുടങ്ങുന്ന ജില്ലാതല സംഭരണ കേന്ദ്രങ്ങളിലേക്കു മാറ്റാനും അവിടെനിന്ന് അംഗീകൃത സംസ്‌കരണ സ്ഥാപനങ്ങള്‍ക്കു നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്.
മാലിന്യങ്ങള്‍ പ്രാദേശികമായി സംഭരിക്കാനും ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കാനും പല അസൗകര്യങ്ങളുമുണ്ടെന്നു പഞ്ചായത്തുകള്‍ ശുചിത്വ മിഷനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനുണ്ടാകും. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ഏതു മാലിന്യവും കൊണ്ടുപോകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവര്‍ മാലിന്യം കൊണ്ടുപോകുമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു പ്രതിഫലം നല്‍കാനാണ് ആലോചന. ഇ-മാലിന്യങ്ങള്‍ വന്‍തോതില്‍ ഉണ്ടെന്നാണു നിഗമനം. വെള്ളപ്പൊക്കത്തില്‍ ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും നശിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രകൃതിക്കു ദോഷമില്ലാതെ സംഭരിച്ചു കൈമാറുന്നതു വലിയ വെല്ലുവിളിയാണ്. പ്ലാസ്റ്റിക്കും ഭീഷണിയായിട്ടുണ്ട്.ചത്ത മൃഗങ്ങള്‍ തുടങ്ങിയ ജൈവമാലിന്യങ്ങള്‍ പ്രാദേശികമായി സംസ്‌കരിക്കാനാണു സര്‍ക്കാരിന്റെ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ചുമതല. ശുചിത്വ മിഷന്‍, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.