പുതിയ സാന്‍ട്രോ ഒക്ടോബറില്‍ വിപണിയിലെത്തും

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള പുതിയ ഹാച്ച്ബാക്കിന്റെ അവതരണം ഒക്ടോബര്‍ 23 ന് നടക്കും. എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ഇയോണിന്റെ പിന്‍ഗാമിയായി എഎച്ച് ടു എന്ന…

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള പുതിയ ഹാച്ച്ബാക്കിന്റെ അവതരണം ഒക്ടോബര്‍ 23 ന് നടക്കും. എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ഇയോണിന്റെ പിന്‍ഗാമിയായി എഎച്ച് ടു എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന കാര്‍ ഏറെക്കാലമായി പരീക്ഷണഘട്ടത്തിലാണ്. ഹ്യൂണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലായ സാന്‍ട്രോയെ പോലെ ടോള്‍ ബോയ് രൂപകല്‍പ്പന ശൈലിയാണ് എ എച്ച് ടുവിലും കമ്പനി പിന്തുടരുന്നത്.

സാന്‍ട്രോ എന്ന പേരു തന്നെയാണോ ഉപയോഗിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ കാറിന് പേര് കണ്ടെത്താനായി ഹ്യൂണ്ടായ് പൊതുജനത്തില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചിരുന്നു. നാമകരണ്‍ എന്ന വെബ്സൈറ്റിലൂടെയാണ് പുതിയ ചെറുകാറിന് പേരിടാന്‍ സാധിക്കുന്നത്. കാറിനു കരുത്തേകുന്നതും സാന്‍ട്രോ സിങ്ങിലെ 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. സാന്‍ട്രോ സിങ്ങില്‍ ഈ എന്‍ജിന്‍ പരമാവധി 65 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിച്ചിരുന്നത്.

ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതമെത്തുന്ന ആദ്യ ഹ്യൂണ്ടായ് മോഡല്‍ എന്നതാവും പുത്തന്‍ ഹാച്ച്ബാക്കിന്റെ സവിശേഷത. കൂടാതെ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും പ്രധാന സവിശേഷതകളാണ്.

സാധാരണ ഹ്യൂണ്ടായ് കാറുകളിലെ പോലെ ഉയര്‍ന്ന ഗുണനിലവാരമുള്ള സാധന സാമഗ്രികള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത അകത്തളവും എ എച്ച് ടുവില്‍ പ്രതീക്ഷിക്കാവുന്നതാണ്. ഡാഷില്‍ ഘടിപ്പിച്ച ഗിയര്‍ ലീവറോടെ എത്തുന്ന കാറിന്റെ മുന്തിയ വകഭേദങ്ങളില്‍ ടച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും കാറിന്റെ സവിശേഷതകളാണ്.

എ എച്ച് ടു എത്തുന്നതോടെ ഇയോണിനെ ഇന്ത്യന്‍ വിപണിയില്‍ നിന്നു ഹ്യൂണ്ടായ് പിന്‍വലിച്ചേക്കും. പ്രീമിയം വില നിലവാരത്തിലാവും ഈ ഹാച്ച്ബാക്ക് വിപണിയിലെത്തുന്നത്. മാരുതി സുസുക്കി സെലേറിയൊ, ടാറ്റ ടിയാഗൊ തുടങ്ങിയ കാറുകളോടാണ് ഹ്യൂണ്ടായിയുടെ പുതിയ ഹാച്ച്ബാക്കിന്റെ പോരാട്ടമുള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story