പ്രളയം: ഇത്തവണ സ്‌കൂള്‍ കലോത്സവം നടത്തില്ല
തിരുവന്തപുരം: പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ സിബിഎസ്ഇ കലോത്സവം നടത്തില്ലെന്ന് അധികൃതര്‍. കലോത്സവത്തിനായി മാറ്റി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുമെന്നും സിബിഎസ്ഇ തിരുവനന്തപുരം മേഖലാ ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ചിട്ടുണ്ട്.
കലോത്സവം നടത്തുന്നതിനു ബദലായി എല്ലാ സ്‌കൂള്‍ ചാനലുകളിലും വിദ്യാര്‍ത്ഥികളുടെ പ്രകടനം അപ്‌ലോഡ് ചെയ്ത് സ്‌കൂളില്‍ തന്നെ വിലയിരുത്താനാണ് തീരുമാനം. തുടര്‍ന്ന് ഇവരുടെ പേരുകള്‍ സ്‌കൂള്‍ വെബ്‌സൈറ്റിലോ നോട്ടീസ് ബോര്‍ഡിലോ പ്രസിദ്ധീകരിക്കാം. കൂടാതെ സ്‌കൂളുകളിലെ ഓരോ ക്ലാസ്സുകാരും പ്രളയ ബാധിതരായ ഒരു കുടുംബത്തെ ഏറ്റെടുത്ത് ഒരു വര്‍ഷത്തേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിലൂടെ ഒരു മേഖലയ്ക്ക് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളും ചേര്‍ന്ന് 32400 കുടുംബങ്ങളിലേക്കും സഹായമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇതിനായി സ്‌കൂളുകളിലെ കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പ് തുകയും ഇക്കൊല്ലം ഏപ്രിലിന് ശേഷം പിരിച്ച അംഗത്വ ഫീസും ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ തുക നല്‍കാന്‍ താല്‍പര്യമുള്ള മാനേജ്‌മെന്റുകള്‍ക്ക് ധനസമാഹരണം നടത്താം. എന്നാല്‍ കുട്ടികളില്‍ നിന്നും ഈ തുക ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രളയ ദുരിതത്തില്‍ നിരവധി സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. ഭൂരിപക്ഷം സ്‌കൂളുകളും ഓണാഘോഷങ്ങള്‍ക്കുള്ള തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. 1000 കോടി രൂപയിലധികം തുകയാണ് ഇതുവരെ ദുരിതാശ്വാസ ഫണ്ടില്‍ എത്തിയത്.