ഹരിത ഉദ്യാനമായി മാലിന്യ സംസ്‌കരണ കേന്ദ്രം

തിരുവനന്തപുരം : മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിച്ചിരുന്ന വിളപ്പില്‍ശാലയില്‍ കാറ്റ് ഇനി പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും നറുമണം പരത്തും. നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രമായിരുന്ന 48 ഏക്കര്‍ സ്ഥലമാണ് ഹരിത…

തിരുവനന്തപുരം : മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിച്ചിരുന്ന വിളപ്പില്‍ശാലയില്‍ കാറ്റ് ഇനി പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും നറുമണം പരത്തും. നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രമായിരുന്ന 48 ഏക്കര്‍ സ്ഥലമാണ് ഹരിത ഉദ്യാനമായി മാറുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള അമ്യൂസ്മെന്റ് പാര്‍ക്ക്, വിശാലമായ ചില്‍ഡ്രന്‍സ് പാര്‍ക്ക്, നീന്തല്‍കുളം എന്നിവയും സജ്ജമാകും. 10 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വന്‍തുക നഗരസഭയ്ക്ക് ചെലവഴിക്കാന്‍ പരിമിതിയുള്ളതിനാല്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് വിളപ്പില്‍ശാലയില്‍ ഒരുക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം ക്ഷണിക്കുന്ന വിഷയം അടുത്ത കൗണ്‍സില്‍ പരിഗണിക്കും. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി ഒരു കോടി കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പാകുന്നതോടെ മാലിന്യ കേന്ദ്രമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിളപ്പില്‍ശാലയുടെ മുഖം അടിമുടി മാറും. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വഞ്ചിയൂര്‍ പി. ബാബു ചെയര്‍മാനായി രൂപീകരിച്ച സാങ്കേതിക സമിതിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കോട്ടയം, തിരുവല്ല പ്രദേശങ്ങളില്‍ സ്വകാര്യവ്യക്തി നടത്തുന്ന ഉദ്യാനങ്ങള്‍ സാങ്കേതിക സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2011 മുതല്‍ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് ഭൂമി വെറുതേ നശിക്കാതിരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞത്. ഇതിനിടെ എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം പണിയാന്‍ വിളപ്പില്‍ശാലയിലെ സ്ഥലം നല്‍കാന്‍ ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. പരിസ്ഥിതി സൗഹൃദ കേന്ദ്രം നഗരസഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാരികളെ ഉള്‍പ്പെടെ നഗരത്തില്‍ നിന്നുമാറി സ്ഥിതിചെയ്യുന്ന വിളപ്പില്‍ശാലയിലേക്ക് ആകര്‍ഷിക്കാനാകും. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസിക്കുന്നതിനായി ഗസ്റ്റ് ഹൗസും പണിയും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story