എലിപ്പനി: കോഴിക്കോട് 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ 84 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതേസമയം രോഗം പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കളക്‌ട്രേറ്റില്‍ ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമ്‌ബോഴും കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ആഗസ്ത് ഒന്ന് മുതല്‍ ചികിത്സ തേടിയവരില്‍ 187 പേര്‍ക്ക് എലിപ്പനിക്ക് സമാനമായ രോഗലക്ഷണം കണ്ടിരുന്നു. ഇതില്‍ 84 പേരില്‍ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 16 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ആറ് മരണം എലിപ്പനിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് ജില്ലയില്‍ ഒന്നര ലക്ഷം പ്രതിരോധ മരുന്നുകള്‍ ഇതിനകം വിതരണം ചെയ്തു. പൊതുജനങ്ങള്‍ ആദ്യം വിമുഖത കാണിച്ചുവെങ്കിലും ഇപ്പോള്‍ മരുന്ന് ഉപയോഗിക്കുന്നതായി കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. കോഴിക്കോട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കോര്‍പ്പറേഷന്‍ പരിധിയിലും മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്തും. നിലവിലെ സാഹചര്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ ഡോക്ടര്‍മാരുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ സേവന സമയം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.