രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില തീപിടിച്ചുയരുന്നു

ന്യൂഡല്‍ഹി : രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വീണ്ടും മുകളിലേക്ക്. മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന് 86.72 രൂപയും ഡീസലിന് 75.74 രൂപയുമായി. അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 6.50…

ന്യൂഡല്‍ഹി : രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വീണ്ടും മുകളിലേക്ക്. മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന് 86.72 രൂപയും ഡീസലിന് 75.74 രൂപയുമായി. അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ധിച്ചത്. എല്‍പിജി, പിഎന്‍ജി, സിഎന്‍ജി എന്നിവയുടെ വിലയും ക്രമാതീതമായി ഉയര്‍ന്നു.

രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണവിലവര്‍ധനയാണ് രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും കണക്കുകള്‍ ഈ വാദത്തിന് എതിരാണ്. ക്രൂഡ് ഓയില്‍ നിലവില്‍ വില 78 ഡോളറാണ്. എന്നാല്‍ 125 ഡോളറില്‍ കൂടുതലുണ്ടായിരുന്നപ്പോള്‍പ്പോലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇതിലും കുറവായിരുന്നു.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാതെ എക്‌സൈസ് തീരുവ കൂട്ടി കൊള്ളനടത്തുകയായിരുന്നു. പെട്രോള്‍ ലിറ്ററിന് 12 രൂപയും ഡീസല്‍ ലിറ്ററിന് 14 രൂപയും തീരുവ കൂട്ടി. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ നികുതിയിളവ് നല്‍കുന്ന കേന്ദ്രം, സാമ്പത്തികമായി പിടിച്ചുനില്‍ക്കാനുള്ള മാര്‍ഗമായി ഇന്ധനവിലയിലെ എക്‌സൈസ് തീരുവയെ ഉപയോഗപ്പെടുത്തുകയാണ്. നാലുവര്‍ഷം 3,92,057 കോടി രൂപയാണ് ഈയിനത്തില്‍ ജനങ്ങളില്‍നിന്ന് അധികമായി ഊറ്റിയത്. ഇക്കൊല്ലം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. അങ്ങനെ അഞ്ചുവര്‍ഷത്തില്‍ 5,61,307 കോടി രൂപയാണ് പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവയില്‍നിന്ന് അധികവരുമാനമായി കേന്ദ്രത്തിന് ലഭിക്കുക.

കഴിഞ്ഞവര്‍ഷം ജൂണ്‍മുതലാണ് പെട്രോള്‍, ഡീസല്‍ വില ദിവസവും പുനക്രമീകരിക്കാനുള്ള സംവിധാനം നിലവില്‍വന്നത്. വിലനിര്‍ണയത്തിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്കാണെന്ന് പറയുമ്പോഴും കഴിഞ്ഞവര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തും ഇക്കൊല്ലം കര്‍ണാടക തെരഞ്ഞെടുപ്പുവേളയിലും ഇന്ധനവില വര്‍ധിപ്പിച്ചില്ല. ഇതിനിടെ, എണ്ണവിലവര്‍ധന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്ല വാര്‍ത്തയാണെന്ന് ബിജെപി വക്താവ് നളിന്‍ കോലി പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വരുമാനം ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story