ബിഎംഡബ്ല്യു G310 RR നവംബറില്‍ വിപണിയിലെത്തും
ബിഎംഡബ്ല്യു G310 R. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ ബൈക്ക്. ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് മോഡല്‍ അപാച്ചെ RR310 ഒരുങ്ങുന്നതും ഇതേ ബിഎംഡബ്ല്യു ബൈക്കുകളുടെ അടിത്തറയില്‍ നിന്നാണ്. നവംബറില്‍ നടക്കാനിരിക്കുന്ന 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബിഎംഡബ്ല്യു G310 RR ഔദ്യോഗികമായി പുറത്തിറക്കും.
രൂപഭാവത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും G310 R ലുള്ള മെക്കാനിക്കല്‍ ഘടകങ്ങളാണ് G310 RR ലും ഒരുങ്ങുന്നത്. 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ G310 RR ലും തുടിക്കും. എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.
സീറ്റിന് താഴെയാണ് എക്സ്ഹോസ്റ്റിന്റെ സ്ഥാനം. ബൈക്കില്‍ പിന്‍സീറ്റില്ല. എന്തായാലും രൂപഭാവത്തില്‍ നെയ്ക്കഡ് സഹോദരന്‍ G310 R നെക്കാളും സ്പോര്‍ടിയാണ് G310 RR. ബിഎംഡബ്ല്യു മോട്ടോറാഡ് വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളാണ് ബൈക്കില്‍ ഏറിയപങ്കും. മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഗോള്‍ഡന്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറും സസ്പെന്‍ഷന്‍ നിറവേറ്റും.