പാര്‍ട്ടിയില്‍ ചേരാത്തതിന് മൂന്ന് യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ് ആറ് എസ്.ഡി.പി.ഐക്കാര്‍ക്ക് പത്ത് വര്‍ഷം തടവ്
കൊല്ലം: മൂന്ന് യുവാക്കളെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പത്ത് വര്‍ഷം തടവിന് കൊല്ലം ജില്ലാ അഡീഷണല്‍ കോടതി (അഞ്ച്) ശിക്ഷിച്ചു. കൊല്ലം കടപ്പാക്കട മക്കാനി സ്വദേശികളായ ബാബു, ഷെമീര്‍, ഇമാമുദീന്‍, സുധീര്‍, ജലാലുദീന്‍, ലിഗാര്‍ എന്ന ബിലാല്‍ എന്നിവരെയാണ് തടവിനും രണ്ടുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
കടപ്പാക്കട അഗ്നിശമന നിലയത്തിന് സമീപം 2013 ലായിരുന്നു സംഭവം. പ്രദേശവാസികളായ നിസാമുദീന്‍, മുഹമ്മദ് ഷാഫി, മാത്യു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കൊല്ലം ഈസ്‌റ്ര് പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍, മരണ കാരണമായേക്കാവുന്ന ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണം, നിയമവിരുദ്ധമായി സംഘം ചേരല്‍, ഗൂഢോലോചന തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ക്ക് പുറമെ കേരളാ പൊലീസ് ആക്‌ടിലെ ആംസ് ആക്‌ടും പ്രകാരമാണ് കേസെടുത്തത്.
എസ്.ഡി.പി.ഐയില്‍ ചേരാന്‍ നിസാമുദീന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവ ദിവസം മൂന്നുപേരും അഗ്നിശമന സേനാ നിലയത്തിന് സമീപം ഓട്ടോറിക്ഷയില്‍ എത്തി മൂന്നായി തിരിഞ്ഞുപോകവെ ആദ്യം നിസാമുദ്ദീനാണ് ആക്രമിക്കപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് മുഹമ്മദ് ഷാഫിയും മാത്യുവും ആക്രമിക്കപ്പെട്ടത്. മുഹമ്മദ് ഷാഫി കൊല്ലം ജില്ലാ ആശുപത്രിയിലും കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലുമായി ആറുമാസം ചികിത്സയിലായിരുന്നു.