
വടക്കാഞ്ചേരിബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെങ്ങാലിക്കോടൻ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു
January 28, 2019വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിന്റെ അഭിമാനമായ ഭൂമി ശാസ്ത്ര സൂചിക പദവി ലഭിച്ച ചെങ്ങാലിക്കോടൻ വാഴയിൽ വൃക്ഷായുർവേദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് കൃഷി വകുപ്പ്. ഇതിനായി വടക്കാഞ്ചേരിബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെങ്ങാലിക്കോടൻ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു കഴിഞ്ഞു. ഇത്തരം കൂട്ടായ്മകൾക്ക് വൃക്ഷാ യുർവേദത്തിൽ സൂചിപ്പിച്ചിട്ടുള്ള ജൈവവളക്കൂട്ടുകൾ പരീക്ഷിക്കുന്ന പ്രവർത്തനം മുള്ളൂർക്കര കൃഷിഭവൻ പരിധിയിൽ ആരംഭിച്ചു. വൃക്ഷാ യുർവേദത്തിൽ പരാമർശമുള്ള കുണപജലം, ഗോമൂത്രാധിഷ്ടിത ജൈവകീടനാശിനികൾ എന്നിവ കൃഷിയിടത്തിൽ തെക്കുംകര കൃഷി ഓഫീസർ പി.ജി.സുജിത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. ചിലവു കുറഞ്ഞ ഇത്തരം കൃഷി രീതികൾ ചെങ്ങാലിക്കോടൻ കൃഷിക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷ. വടക്കാഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിനിയ, മുള്ളൂർക്കര കൃഷി ഓഫീസർ ഡോ.ബിജി എന്നിവർ പങ്കെടുത്തു.