മറൈന്‍ അംബുലന്‍സുകളുടെ നിര്‍മ്മാണം ആരംഭിച്ചു

February 27, 2019 0 By Editor
കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിന് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന 3 മറൈന്‍ അംബുലന്‍സുകളുടെ സ്റ്റീല്‍ കട്ടിങ്ങ് മന്ത്രി മേഴ്സികുട്ടിയമ്മ നിര്‍വഹിച്ചു.
കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നിര്‍മ്മിക്കുന്ന മറൈന്‍ അംബുലന്‍സിന് 22.5 മീറ്റര്‍ നീളവും 6.0 മീറ്റര്‍ ഭീം സൈസും 14 നോട്ടിക്കല്‍ വേഗതയുമുണ്ട്. കൊച്ചി കപ്പല്‍ശാലയുടെ ഇന്‍ഹൗസ് ഡിസൈന്‍ വിഭാഗത്തില്‍ ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്ന ആംബുലന്‍സിന് കൂടുതല്‍ ഇന്ധനക്ഷമതയുണ്ടാകും. ഇന്ധനഊര്‍ജ്ജ ക്ഷമത മെച്ചപ്പെടുത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സി.എഫ്.ഡി അനാലിസിസ്, മോഡല്‍ ടെസ്റ്റ് എന്നിവ മദ്രാസിലെ ഐഐടിയില്‍ പൂര്‍ത്തീകരിച്ചു.
മറൈന്‍ അംബുലന്‍സിന് രണ്ട് രോഗികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമടക്കം ഏഴ് പേരെ വഹിക്കാനാകും. പരിശോധന, നേഴ്സിങ്ങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ സംവിധാനങ്ങളുമുണ്ടാകും. 2020 ഓടെ കപ്പലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.
കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ്, ബി.പി.സി.എല്‍, സി.ഐ.എസ്.ടി, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ്ങ് എന്നിവിടങ്ങളിലെ അധികൃതരും കൊച്ചി കപ്പല്‍ശാലയിലെ ഡയറക്ടേഴ്സും ജീവനക്കാരും പങ്കെടുത്തു.