മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു

മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു

April 26, 2019 0 By Editor

മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് തീരുമാനം.

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഈ തീരുമാനം അറിയിച്ചത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡീസല്‍ കാറുകള്‍ വില്‍പന നടത്തില്ലെന്നാണ് ചെയര്‍മാന്‍റെ പ്രഖ്യാപനം.

രാജ്യത്തെ എല്ലാ യൂണിറ്റുകളിലുമായി മാരുതി 23 ശതമാനം ഡീസല്‍ കാറുകളാണ് നിര്‍മിക്കുന്നത്. ഡീസല്‍ എഞ്ചിനുകളുള്ള എസ് ക്രോസ്സ്, സിയാസ്, വിറ്ററ ബ്രേസാ, ഡിസൈര്‍, ബലേനോ, സ്വിഫ്റ്റ് എന്നീ മോഡലുകളാണ് ഇപ്പോള്‍ കമ്പനി ഇറക്കുന്നത്. ഡീസല്‍ കാറുകളുടെ വില ഉപഭോക്താക്കള്‍ക്ക് താങ്ങാനാകാത്ത സാഹചര്യത്തില്‍ നിര്‍മാണം അവസാനിപ്പിക്കുമെന്ന് നേരത്തെയും കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഉപഭോക്താക്കളുടെ താല്‍പര്യം മാനിച്ച് ഡീസല്‍ കാറുകളുടെ നിര്‍മാണം തുടരുമെന്നാണ് കമ്പനി അറിയിച്ചത്. ആ തീരുമാനം മാരുതി സുസുക്കി ഇന്ത്യ വീണ്ടും തിരുത്തുകയാണ്.ചെറിയ ഡീസല്‍ കാറുകളുടെ വില്‍പനയില്‍ വലിയ കുറവ് രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.