ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്‍വലിച്ചു

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്‍വലിച്ചു. അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കേസ് പിന്‍വലിച്ചത്. പെപ്സികോ കമ്പനിക്ക് ഉടമാസ്ഥാവകാശമുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്നാരോപിച്ചാണ് കേസ് നല്‍കിയത്.

സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ 4 കര്‍ഷകര്‍ക്കെതിരെയാണ് പ്രത്യേക ഇനത്തില്‍ പെട്ട FL 2027 എന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്റെ പേരില്‍ പെപ്‌സികോ കേസ് കൊടുത്തത്. 1.05 കോടി രൂപ ഓരോ കര്‍ഷകരും നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ലേസ് എന്ന പൊട്ടറ്റോ ചിപ്‌സ് നിര്‍മ്മിക്കുന്നതിന് തങ്ങള്‍ക്ക് മാത്രം ഉത്പാദന അവകാശമുള്ള ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നതായിരുന്നു കമ്പനിയുടെ ആരോപണം. കര്‍ഷകര്‍ക്കെതിരായ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ നീക്കത്തിനെതിരെ വലിയ തോതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ കര്‍ഷകരും പെപ്‌സികോക്കെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തി.

നടപടി വിവാദമായതോടെ ഉപാധികളോടെ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ അറിയിച്ചിരുന്നു. കര്‍ഷകര്‍ ഈ ഉരുളക്കിഴങ്ങ് കൃഷിചെയ്യില്ലെന്ന് ഉറപ്പു നല്‍കണമെന്നതായിരുന്നു ഉപാധി. എന്നാല്‍ കര്‍ഷകര്‍ ഇതിനും വഴങ്ങിയില്ല. ലെയ്‌സും പെപ്‌സികോയുടെ മറ്റ് ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം കാമ്പയിന്‍ രൂക്ഷമാവുകയും ചെയ്തു.

ഇതോടെ ഉപാധികളില്ലാതെ കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയ്യാറാവുകയായിരുന്നു. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story